ദോഹ: രാജ്യത്ത് ഏറെ നാളായി സ്വദേശികളും വിദേശികളും ഒരു പോലെ കാത്തിരിക്കുന്ന പുതുക്കിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സാമൂഹിക ക്ഷേമ–തൊളിൽ വകുപ്പ് മന്ത്രി അറിയിച്ചു. പാസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഅത്വീഖുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പുതിയ പരാതി നിവാരണ സമിതിക്ക് രൂപം നൽകിയതായി മന്ത്രി അറിയിച്ചു. എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ കമ്മിറ്റിയായിരിക്കും തീരുമാനം എടുക്കുക. ആഭ്യന്തര വകുപ്പിന് പുറമെ സാമൂഹിക ക്ഷേമ– തൊഴിൽ വകുപ്പ് മന്ത്രാലയ പ്രതിനിധിയും മനുഷ്യാവകാശ കമ്മിറ്റി പ്രതിനിധിയും ഈ സമിതിയിലുണ്ടാകും. പുതുക്കിയ നിയമം നടപ്പിൽ വരുത്തുന്നുണ്ടേയെന്ന് പരിശോധിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകാത്ത കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതടക്കം നിരവധി തൊഴിലാളി സൗഹൃദ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തൊഴിൽ നിയമം പരിഷ്ക്കരിക്കാനുള്ള നടപടികൾക്ക് രാജ്യം തുടക്കം കുറിച്ചത്. വിദേശ തൊഴിലാളികൂടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി രേഖപ്പെടുത്തുകയും നടപ്പിൽ വരുത്തുകയും ചെയ്യുക, വിദേശ തൊഴിലാളികളുടെ സേവനത്തിെൻ്റ കാലാവധി നിശ്ചയിക്കുക, രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് സ്പോൺസറുടെ അനുമതി വേണമെന്ന വ്യവസ്ഥക്ക് പകരം സംവിധാനം കൊണ്ട് വരിക തുടങ്ങി നിരവധി വിഷയങ്ങളിലാണ് പരിഷ്ക്കരണം കൊണ്ട് വന്നിരിക്കുന്നത്. പുതിയ നിയമത്തെ സംബന്ധിച്ച പൂർണമായ വിവരം ഇനിയും ലഭ്യമായി വരുന്നേയുള്ളൂ. എങ്കിലും വിദേശ തൊഴിലാളികളെ സംബന്ധിച്ച് പുതുക്കിയ നിയമം ഏറെ പ്രയോജനപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.എക്സിറ്റ് പെർമിറ്റ് പരാതി പരിഹാര കമ്മിറ്റി മദീന ഖലീഫ നോർത്തിലുള്ള പഴയ ട്രാഫിക് വകുപ്പ് ഓഫീസിലായിരിക്കും പ്രവർത്തിക്കുക.
പ്രവാസിക്ക് തെൻറ അവകാശം നേടിയെടുക്കുന്നതിന് വേണ്ട രേഖകളുമായി ഈ ഓഫീസിനെ സമീപിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് പരമാവധി 72 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കുന്ന തരത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. സ്പോൺസറുടെ താൽപര്യം അനുസരിച്ച് ഇനി മുതൽ എക്സിറ്റ് നിഷേധിക്കാൻ കഴിയില്ലയെന്നതാണ് പ്രധാനമായും ഈ നിയമം വ്യക്തമാക്കുന്നത്. പെർമിറ്റ് നൽകുന്നതിന് പണം ഈടാക്കിയിരുന്ന സ്പോണസർമാർക്കും ഇടനിലക്കാർക്കും ഇനി മുതൽ വലിയ സ്ഥാനം ഉണ്ടാകില്ലെന്നതും വലിയ ആശ്വാസമാണ്.
രാജ്യത്തെ പുതുക്കിയ നിയമവും പുതിയ എക്സിറ്റ് സംവിധാനവും ഇന്നലെ ചേർന്ന മജ്ലിസ് ശൂറ പ്രത്യേകം ചർച ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.