സ്കൂള്‍ ബാഗുകള്‍ ഭാരമാവാതിരിക്കാന്‍  പുതിയ മാര്‍ഗങ്ങളുമായി  വിദ്യാലയങ്ങള്‍

ദോഹ: സ്കൂള്‍ ബാഗുകള്‍ ഭാരമാവാതിരിക്കാന്‍ പോംവഴികളുമായി വിദ്യാലയങ്ങള്‍. പുസ്തകക്കെട്ടുകളുടെ അമിത ഭാരം ചുമക്കുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം പരിഗണിച്ചാണ് സ്കൂള്‍ ബാഗുകള്‍ വഹിക്കുന്നതിനുള്ള ഇതര മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതെന്ന് ഖത്തറിലെ സ്കൂളുകള്‍ അറിയിച്ചു. 
ഉയര്‍ന്ന ക്ളാസില്‍ പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികളും, സന്നദ്ധ സേവകരായ ‘കേഡറ്റുകളു’ മാണ് തങ്ങളുടെ സ്കൂളിലെ ചെറിയ ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ ബാഗുകള്‍ ചുമക്കുന്നതെന്ന് ദോഹ ഫിലിപ്പീന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ അക്കോസ്റ്റ ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. രക്ഷാകര്‍തൃ യോഗങ്ങളില്‍ പുസ്തകക്കെട്ടുകളുടെ അമിതഭാരം നിരന്തരമായി ചര്‍ച്ചക്കു വന്നപ്പോഴാണ് ഇത്തരമൊരുമാര്‍ഗം പരീക്ഷിച്ചതെന്നും ഇത് ചെറിയ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളുടെ എണ്ണംകുറക്കുക പലപ്പോഴും സ്വീകാര്യമാവില്ളെന്നും എല്ലാദിവസവും മിക്ക പുസ്തകങ്ങളും ആവശ്യമായി വരുന്നുണ്ടെന്നും ഇത്തരമൊരു മാര്‍ഗമല്ലാതെ മറ്റു വഴി കാണുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പുതിയ രീതിയിലുള്ള ഇ-ബുക്കുകള്‍ ഒന്നുമുതല്‍ മൂന്നുവരെ ക്ളാസുകളിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമല്ല. ചെറുപ്രായത്തില്‍ തന്നെ ഇത്തരം സാമഗ്രികളുടെ ഉപയോഗം  കുട്ടികളുടെ സര്‍ഗവൈഭവം കുറക്കുമെന്നു മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും -അദ്ദേഹം പറഞ്ഞു. നാലാം ഗ്രേഡ് മുതല്‍  ഇ-ബുക്കുകള്‍ ആവാം അതുവരെയുള്ള ക്ളാസുകളില്‍ അച്ചടിച്ച പുസ്തകങ്ങള്‍ തന്നെയാണ് ഉത്തമം. നാലാം ക്ളാസില്‍ പഠിക്കുന്ന തന്‍െറ മകന് പത്ത് പുസ്തകങ്ങളും, നോട്ടുബുക്കും മറ്റും ചുമക്കേണ്ട അവസ്ഥയാണുള്ളതെന്നും, ഈയിടെയായി കുട്ടി പുറംവേദന തുടങ്ങിയതായും പരാതിപ്പെടുന്നതായി ഒരു വീട്ടമ്മ പ്രതികരിച്ചു. സ്കൂളില്‍ കുട്ടികള്‍ക്ക്പുസ്തകങ്ങള്‍ വെയ്ക്കാനായി അലമാരകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഗൃഹപാഠങ്ങള്‍ ചെയ്യാനായി പലരും പുസ്തകം വീട്ടിലേക്കടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. 
രാജ്യത്തെ പ്രധാന ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഈ വിഷയം ഗൗരവമായി പരിഗണിക്കുകയും നഴ്സറിതലം മുതല്‍ കുട്ടികള്‍ക്കായി സ്കൂളില്‍തന്നെ ലോക്കറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങുന്നതിനു മുമ്പായി പുസ്തകങ്ങള്‍ ഇവിടെ നിക്ഷേപിച്ചാണ് വിദ്യാര്‍ഥികളുടെ മടക്കം. അതുപോലെ എല്‍.പി വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പുസ്തകങ്ങളുടെയും സാധനങ്ങളുടെയും പട്ടിക നേരത്തെ കൈമാറുകയും, ഇവ വാങ്ങിച്ചു കഴിഞ്ഞാല്‍ സ്കൂളുകളിലെ ടീച്ചര്‍ അസിസ്റ്റന്‍റുമാര്‍ ഇവ കുട്ടികള്‍ക്കനുവദിച്ച ഷെല്‍ഫുകളില്‍ വെയ്ക്കുകയുമാണ് ചെയ്യാറ്. ഗൃഹപാഠങ്ങള്‍ക്കായുള്ളവ മാത്രം വീട്ടിലേക്കെടുക്കുകയും ആവശ്യമില്ലാത്തവ സ്കൂളില്‍ തന്നെ വെയ്ക്കുകയമാണ് ഈ വിദ്യാലയത്തിലെ രീതിയെന്നും സ്കൂളിലെ ഒരു ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞു. അധ്യയനവര്‍ഷത്തേക്ക് മുഴുവനായുള്ള പുസ്തകങ്ങളുമായി എല്ലാ ദിവസവും വരുന്ന വിദ്യാര്‍ഥികളുണ്ട്. 
എല്ലാദിവസങ്ങളിലും എല്ലാ പുസ്തകങ്ങളൂം ചുമയ്ക്കേണ്ട ആവശ്യമില്ല. ഒഴിവുസമയമുണ്ടെങ്കില്‍ ലൈബ്രററി പീരിയഡുകള്‍ അനുവദിക്കുകയാണ് തങ്ങള്‍ ചെയ്യാറ്. ഇവിടെനിന്ന് പുസ്തകങ്ങള്‍ വായിക്കുകയോ ആവശ്യമെങ്കില്‍ വീട്ടിലേക്ക്  കൊണ്ടുപോവുകയോ ചെയ്യാം. 
മുതിര്‍ന്ന ക്ളാസിലെ  ഓരോ കുട്ടിക്കും ലാപ് ടോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതുവഴി ലൈബ്രറിയില്‍നിന്നും പുസ്തകങ്ങള്‍ വായിക്കാവുന്നതമാണെന്നും ജീവനക്കാരന്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.