മെട്രോ റെയില്‍: ജര്‍മന്‍ കമ്പനിക്ക് ഖത്തറില്‍ രണ്ടാം ദൗത്യം

ദോഹ: നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോ സ്റ്റേഷനുകളില്‍ എലിവേറ്ററുകളും എസ്കലേറ്ററുകളും സ്ഥാപിക്കാനുള്ള കരാര്‍ ജര്‍മന്‍ കമ്പനിയായ ‘തയ്സെന്‍ക്രെപ്പ്’ന് ലഭിച്ചു. 
ദോഹ മെട്രോയുടെ റെഡ് ലൈന്‍ നോര്‍ത്തിലും, ഗ്രീന്‍ ലൈനിലുമായി 500-ഓളം എലിവേറ്റര്‍ എസ്കലേറ്റര്‍ യൂനിറ്റുകളുാണ് തയ്സെന്‍ക്രെപ്പ് സ്ഥാപിക്കുക. 
ഇവയുടെ നിര്‍മാണം, വിതരണം, സ്ഥാപിക്കല്‍, കേടുപാടുതീര്‍ക്കല്‍ എന്നിവയടങ്ങിയ ധാരണയാണ് ഖത്തര്‍ റെയിലുമായി ഒപ്പുവെച്ച ഉടമ്പടി. 
എന്നാല്‍, കരാറിന്‍െറ മൂല്യവും മെയിന്‍റനന്‍സ് കാലാവധിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കായി നേരത്തെ നാനൂറോളം എലിവേറ്റര്‍ എസ്കലേറ്റര്‍ യൂനിറ്റുകള്‍ തെയ്സെന്‍ക്രെപ്പ് വിതരണം ചെയ്തിരുന്നു. ഖത്തര്‍ റെയിലുമായുള്ള ഉടമ്പടി തെയ്സെന്‍ക്രെപ്പിന് ലഭിക്കുന്ന ഖത്തറിലെ രണ്ടാമത്തെ അവസരമാണ്. 
ഖത്തറിന്‍െറ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ഭാഗഭാക്കാകുന്നതില്‍ സന്തോഷമുണ്ടെന്ന് തയ്സെന്‍ക്രെപ്പ് മിഡില്‍ഈസ്റ്റ് സി.ഇ.ഒ അബ്ദുല്‍ ഹമീദ് അല്‍ അയ്യൂബി പറഞ്ഞു. മേഖലയിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയിലേക്കുള്ള യൂനിറ്റുകളുടെ വിതരണങ്ങളില്‍ തങ്ങള്‍ക്ക് സ്വീകാര്യതയേറുന്നതായും അദ്ദേഹം പറഞ്ഞു. 
നേരത്തെ ദോഹ മെട്രോയുടെ റെഡ്, ഗോള്‍ഡ് ലൈന്‍ സ്റ്റേഷനുകള്‍ക്കായി 189 എലവേറ്ററുകളും 253 എസ്കലേറ്ററുകളും 102 ഓട്ടോമാറ്റിക് വാക്വേകളും നല്‍കാന്‍ ഫിന്‍ലാന്‍റ് കമ്പനിയായ കോണിനും അവസരം ലഭിച്ചിരുന്നു.  2019/20 ഓടെ ദോഹ മെട്രോ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമദ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ലുസൈല്‍, വെസ്റ്റ്ബേ, എജുക്കേഷന്‍ സിറ്റി എന്നീ പ്രധാന മേഖലകളെ ബന്ധിപ്പിച്ചായിരിക്കും ദോഹ മെട്രേ പാതയൊരുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.