മഴവെള്ളവും മാലിന്യങ്ങളും നീക്കാന്‍ അത്യാധുനിക സംവിധാനങ്ങളുമായി അശ്ഗാല്‍

ദോഹ: വെള്ളക്കെട്ടും അഴുക്കുചാല്‍ തടസ്സങ്ങളും നിരീക്ഷിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുമായി അശ്ഗാല്‍. മഴവെള്ളവും നിര്‍മാണസ്ഥലങ്ങളില്‍നിന്നുള്ള മാലിന്യങ്ങളും അടിഞ്ഞ് അഴുക്കുചാല്‍ സംവിധാനങ്ങളില്‍ തടസ്സമുണ്ടാകുന്നത് നിരീക്ഷിക്കാനാണ്  രാജ്യത്തെ പൊതുനിര്‍മാണ വകുപ്പിന്‍െറ ഭാഗമായ ‘ഡ്രെയിനേജ് നെറ്റ്വര്‍ക്സ് ഓപ്പറേഷന്‍സ് ആന്‍റ് പെയിന്‍റനന്‍സ് ഡി.എന്‍.ഒ & എം) - ‘റിയല്‍ടൈം മോണിറ്ററിങ് പ്രോജക്ട്’ എന്ന  തല്‍ക്ഷണ നിരീക്ഷണ പദ്ധതിക്ക് രൂപംകൊടുത്തത്. ഭൂമിയുടെ അന്തര്‍ഭാഗത്തും ഭൗമോപരിതലത്തിലുമായുള്ള മലിനജലക്കുഴലുകളില്‍ വിവിധ ഉപകരണങ്ങള്‍ സ്ഥാപിച്ചായിരിക്കും നിരീക്ഷണം നടത്തുക. അഴുക്കുവെള്ളം നീങ്ങുന്ന കുഴലുകളില്‍ തടസ്സങ്ങളെക്കുറിച്ച് ഉപകരണങ്ങള്‍ അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുകയും ഡി.എന്‍.ഒ & എം വേണ്ട നടപടികളെടുക്കുകയും ചെയ്യും. 
2016 മാര്‍ച്ചില്‍ തുടക്കമിട്ട തല്‍ക്ഷണ നിരീക്ഷണ സംവിധാന പദ്ധതി മൂന്നുവര്‍ഷമെടുത്തായിരിക്കും പൂര്‍ത്തീകരിക്കുക. 2019 ഒന്നാം പാദത്തോടെ രാജ്യത്താകമാനം നിരീക്ഷണ സംവിധാനം സജ്ജമാകും. 
പൊതുജലവിതരണ പൈപ്പുകളുടെ പ്രവര്‍ത്തനവും അഴുക്കുചാല്‍ സംരക്ഷണവും കാര്യക്ഷമമായി നടക്കുമെന്നതിനു പുറമെ   കുഴലുകളില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെട്ട് തടസ്സങ്ങളുണ്ടാകുന്നത് ഒഴിവാക്കാനും നിരന്തരമുള്ള ഈ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് സാധിക്കും. ഇതോടെ ഉപഭോക്താക്കളുടെ പരാതികള്‍ കുറയുമെന്നും മഴക്കാലങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകുമെന്നുമാണ് അശ്ഗാലിന്‍െറ പ്രതീക്ഷ. മലിനജലകുഴലുകളില്‍ തടസ്സങ്ങളുണ്ടായാല്‍ അത് നീക്കം ചെയ്യാനും പിന്നീട് പുനരുല്‍പാദിപ്പിച്ച ജലം കയറ്റിവിടാനുമുള്ള സൗകര്യവും നിലവിലുണ്ട്. 
അഴുക്കുചാല്‍ ശൃഖലകളുടെ തല്‍ക്ഷണ നിരീക്ഷണത്തിനായി 290 ഫ്ളോമീറ്ററുകള്‍, 400 ഡെപ്ത് മീറ്ററുകള്‍, 90 ഹൈഡ്രജന്‍ സള്‍ഫൈഡ് മോണിറ്ററുകള്‍, 90 സലൈന്‍ മോണിറ്ററുകള്‍, നാല് റെയിന്‍ ഗേജുകള്‍, 100 ക്യാമറകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുക. സേവനങ്ങളില്‍ തടസ്സം അനുഭവപ്പെടുന്ന മുറക്ക് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സഹായകമാകുന്ന സംവിധാനങ്ങളും ഇതില്‍പ്പെടും. ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടെ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഐ പാഡ് എന്നിവയില്‍ കൂടി വിവരങ്ങള്‍ ലഭ്യമായി തുടങ്ങും. ഇതിനു പുറമെ ആദ്യമായി ഖത്തറില്‍ ‘ഇന്നവൈസ് ഐ.സി.എം ലൈവ്’ എന്ന സോഫ്റ്റ്വെയറും ഇതിന്‍െറ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. മഴക്കാലങ്ങളില്‍ രാജ്യത്തെ അടിപ്പാതകളിലുണ്ടാകുന്ന വെള്ളക്കെട്ടിനെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കാനും ഡി.എന്‍.ഒ & എം സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍ സംവിധാനമുണ്ട്. കൂടാതെ ഭൂഗര്‍ഭജലം അടിയുന്ന ഭാഗങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതും ഉദ്യോഗസ്ഥരെ ബോധിപ്പിക്കാന്‍ സംവിധാനത്തിനാകും. 
മലിനജല മൊഴുകുന്ന സംവിധാനങ്ങളില്‍ തടസ്സമുണ്ടാകുന്നതാണ് പ്രധാനമായും വെള്ളക്കെട്ടിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്.  
പുതിയ സംവിധാനങ്ങള്‍ കുറ്റമറ്റതാകുന്നതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുകയും വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളില്‍ തല്‍ക്ഷണം എത്താനും തടസ്സങ്ങള്‍ നീക്കാനും സാധ്യമാകുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.