ഫ്രന്‍റ്സ് ഓഫ് തൃശൂര്‍ ചിത്രരചന മത്സരം നാളെ

ദോഹ: ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി  ഫ്രന്‍റ്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന ഏട്ടാമത് ഫാബര്‍ കാസ്റ്റല്‍ ഇന്‍റര്‍ ഇന്ത്യന്‍ സ്കൂള്‍ ചിത്രരചനാ മത്സരം നാളെ  ഉച്ചക്ക് ഒരു മണി മുതല്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഗേള്‍സ് വിങിലും കെ.ജി വിങിലുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ അഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എട്ട് വിഭാഗങ്ങള്‍ പങ്കെടുക്കുന്ന പവലിയനുകളും ബോധവല്‍കരണ, പൊതുജന സമ്പര്‍ക്ക പരിപാടികളും ഇത്തവണയുണ്ടാകും. ഖത്തര്‍ പൊലീസിലെ ശ്വാനസേനയുടെ വിവിധ അഭ്യസപ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്കവിഭാഗം ലെഫ്റ്റനന്‍റ് ഷെഹീന്‍ റാഷിദ് അല്‍ ആതിക്  അറിയിച്ചു. പൊലീസ് നായകളുടെ പരിശീലനങ്ങള്‍, മയക്കുമരുന്നുകള്‍ കണ്ടത്തെുന്ന രീതികള്‍, കുറ്റവാളികളെ കണ്ടത്തെുകയും പിടികൂടുകയും ചെയ്യുന്ന രീതികള്‍ എന്നിവക്കൊപ്പം കുട്ടികളും പൊലീസ് നായകളും പങ്കെടുക്കുന്ന വടംവലി അടക്കമുള്ള വിവിധ മത്സരങ്ങളുമുണ്ടാകും. വെകുന്നേരം അഞ്ച് മണി മുതല്‍ ആറ് മണി വരെയാണ് പൊലീസ് ഡോഗ് ഷോ. അല്‍ ഫസ പൊലീസ്, സിവില്‍ ഡിഫന്‍സ്, ട്രാഫിക് വകുപ്പ്, ജുവനൈല്‍ പൊലീസ്, കമ്യൂണിറ്റി പൊലീസിങ് വിഭാഗം, പബ്ളിക് റിലേഷന്‍സ് വിഭാഗം എന്നിവയുടെ പവലിയനുകളും ബോധവല്‍കരണ  ജനസമ്പര്‍ക്ക പരിപാടികളും കെ.ജി ഹാളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഏഴ് മണി വരെ നടക്കുമെന്ന് ഫ്രന്‍റ്സ് ഓഫ് തൃശൂര്‍ പ്രസിഡന്‍റ് പി. നസറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
ചിത്രരചന മത്സരത്തിന് 5000ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ വിജയികളുണ്ടാകുന്ന വിദ്യാലയത്തിന് എം.എഫ് ഹുസൈന്‍ മെമ്മോറിയല്‍ ട്രോഫിയും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന  വിദ്യാലയത്തിന് രാജ രവിവര്‍മ്മ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും. മികച്ച സംഘാടനത്തിനും സഹകരണത്തിനും വിവിധ വിദ്യാലയങ്ങളിലെ ആര്‍ട്സ് അധ്യാപകരെയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കും. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സമ്മാനിക്കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സംഘടനയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 12 അംഗ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക. മത്സര ഫലങ്ങള്‍ മെയ് 30 നകം പ്രഖ്യാപിക്കും. സമ്മാനദാനം പിന്നീട് നടക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന എം.ഇ.എസില്‍ നിന്നുള്ള മത്സരാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ മത്സരവേദിയിലെ പ്രത്യേക ഡെസ്ക്കില്‍ ലഭ്യമാക്കും. മറ്റുള്ളവരുടെ ഹാള്‍ടിക്കറ്റുകള്‍ വിതരണം ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ അഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി  റീച്ച് ഒൗട്ട് ഓഫീസ് കോ ഓഡിനേറ്റര്‍ ഫൈസല്‍ ഹുദൈവി, സ്വാഗതസംഘം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, മെന്ന് അപെക്സ് ബോഡി ചെയര്‍മാന്‍ വി.എ. ഹനീഫ, ഫ്രണ്ട്സ് ഓഫ് തൃശൂര്‍ സെക്രട്ടറി  അബ്ദുല്‍ റഷീദ്, കണ്‍വീനര്‍ ദീപക് കരുണാകരന്‍ എന്നിവരും പങ്കെടുത്തു. വിവരങ്ങള്‍ക്ക് 66008632, 55535034, 55811289,  33281287.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.