ഖത്തര്‍ റെയില്‍: ഗതാഗത സുരക്ഷ പരിശീലനം രണ്ടാംഘട്ടം സമാപിച്ചു

ദോഹ: ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് തൊഴിലാളികള്‍ക്കായി ഖത്തര്‍ റെയില്‍ സംഘടിപ്പിച്ച ട്രാഫിക് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി ബോധവല്‍കരണ പരിപാടിയുടെ രണ്ടാംഘട്ടം സമാപിച്ചു. 
ഗതാഗത വകുപ്പ്, സിവില്‍ ഡിഫന്‍സ്, പബ്ളിക് റിലേഷന്‍സ്, ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ്, പബ്ളിക് ഗാര്‍ഡ്സ്, ക്രിമിനല്‍ എവിഡന്‍സ്, കമ്മ്യൂണിറ്റി പോലീസിങ് തുടങ്ങി ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴിലുള്ള ഏഴ് വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ നയിച്ച വിവിധ ബോധവല്‍കരണ ക്ളാസുകളായിരുന്നു രണ്ടാംഘട്ടത്തിന്‍െറ പ്രത്യേകത. 
റോഡപകടങ്ങള്‍ എങ്ങനെ തടയാമെന്നും കുറക്കാമെന്നും തീപിടിത്തങ്ങള്‍ പ്രതിരോധിക്കുന്നത് സംബന്ധിച്ചും, ലഹരി ഉപയോഗത്തിന്‍െറ ദൂഷ്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ബോധവല്‍കരണ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. 
കൂടാതെ ഖത്തറിന്‍െറ സംസ്കാരവും പൈതൃകവും പാരമ്പര്യവും വ്യക്തമാക്കിയ പരിപാടിയില്‍ കമ്മ്യൂണിറ്റി പോലീസിങിനെ പരിചയപ്പെടുത്തുന്ന പ്രത്യേക ക്ളാസും സംഘടിപ്പിച്ചിരുന്നു. 
നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള പരിപാടികള്‍, തൊഴിലാളികളെ സൈറ്റുകളിലേക്ക് എത്തിക്കുന്ന ബസ് ഡ്രൈവര്‍മാക്കുള്ള ബോധവല്‍കരണ പരപാടി, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായുള്ള പരിപാടികള്‍ തുടങ്ങി വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് രണ്ടാം ഘട്ടത്തില്‍ സംഘടിപ്പിച്ചത്. 
ഖത്തര്‍ റെയിലിന്‍െറ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കരാറുകാരുമാരുമായി സഹകരിച്ചാണ് കമ്പനി ഇത്തരം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 400ലധികം തൊഴിലാളികളാണ് പരിപാടിയില്‍ പങ്കെടുത്തത്. 
തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കുകയും അവരുടെ തന്നെ സുരക്ഷ സംബന്ധിച്ച് ബോധവല്‍കരണം നടത്തുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും വലിയ വിജയമായിരുന്നു രണ്ട് ഘട്ടങ്ങളെന്നും ഖത്തര്‍ റെയില്‍ ടെക്നിക്കല്‍ ഇന്‍റര്‍ഫേസ് ഡിപ്പാര്‍ട്ട്മെന്‍റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹസന്‍ അഹമ്മദ് അല്‍ ഹാമിദ് അല്‍ മര്‍വാനി പറഞ്ഞു. 
2015 ജൂണിലാണ് ഖത്തര്‍ റെയില്‍ പരിപാടിക്ക് തുടക്കം കുറിച്ചത്. 
ഖത്തര്‍ റെയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.