അല്‍ മീരയില്‍ റമദാനില്‍ 1437  ഉല്‍പന്നങ്ങളുടെ വിലകുറയും

ദോഹ: റമദാനില്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും റമദാനില്‍ അല്‍മീര ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചിരുന്നു. 
ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിന് മികച്ച സേവനം ലഭ്യമാക്കുന്നതിന്‍െറയും ഭാഗമായി പ്രത്യേക ഓഫറുകള്‍ ലഭ്യമാണെന്നും. ഇസ്ലാമിക് കലണ്ടര്‍ പ്രകാരം റമദാന്‍ 1437 ആയതിനാല്‍ ഇത്തവണ 1437 ഉല്‍പന്നങ്ങള്‍ക്കാണ് വിലക്കുറവ് ലഭ്യമാക്കുക. സാമ്പത്തിക, വാണിജ്യ മന്ത്രാലയം തെരഞ്ഞെടുക്കുന്ന ഉല്‍പന്നങ്ങള്‍ക്കായിരിക്കും വിലക്കുറവ്. റമദാന്‍ അവസാനം വരെ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായിരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ ഖഹ്താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏതെക്കെ ഉല്‍പന്നങ്ങള്‍ക്കായിരിക്കും വിലക്കുറവ്, എന്നു മുതല്‍ എന്നുവരെ തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. ഖത്തറിലെ അല്‍മീരയുടെ എല്ലാ ബ്രാഞ്ചുകളിലും ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. ഉല്‍പന്നങ്ങളുടെ വില ബ്രാഞ്ചുകളിലെ ഷെല്‍ഫുകളില്‍ പ്രസിദ്ധപ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ മിതമായ വിലയില്‍ വാങ്ങുന്നതിനുള്ള അവസരമുണ്ടാകും. ഇതിനുപുറമെ 850 ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും 300 ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തും. 
ഈ ഉല്‍പന്നങ്ങളുടെ പ്രാദേശിക വിതരണക്കാരുമായി ചേര്‍ന്നായിരിക്കും ഇതു നടപ്പാക്കുക. ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള വിതരണക്കാരുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിവരുന്നു. 
തുര്‍ക്കി, തായ്ലന്‍റ്, വിയറ്റ്നാം, അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രമുഖ വിതരണക്കാരുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഖത്തരി പൗരന്‍മാര്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന തംവീന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ 31 ബ്രാഞ്ചുകളിലായി ക്രമീകരിച്ചിട്ടുണ്ട്. റമദാന്‍ ഓഫറിന് പുറമെ അല്‍മീര നടപ്പാക്കുന്ന സാമൂഹിക, ആരോഗ്യബോധവല്‍കരണ, വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 
ആരോഗ്യകരമായ ജീവിത, ഭക്ഷണശൈലി പ്രോത്സാഹിപ്പിക്കേണ്ടതിന്‍െറ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്ററുകളും മറ്റും അല്‍മീരയുടെ ബ്രാഞ്ചുകളില്‍ പതിപ്പിച്ചിട്ടുണ്ട്. 
പ്രമേഹം, പൊണ്ണത്തടി എന്നിവക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഈദ് ചാരിറ്റി, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്‍റ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 14 ബ്രാഞ്ചുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അഞ്ച് ഷോപ്പിങ് സെന്‍ററുകള്‍ നിര്‍മാണഘട്ടത്തിലാണ്. ഇവ മൂന്നുമാസത്തിനുള്ളില്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.