തൊഴില്‍-കുടിയേറ്റ നിയമം ഒക്ടോബറില്‍

ദോഹ: പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ താമസകുടിയേറ്റ നിയമം ഈ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ പുതിയ നിയമം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി പ്രാദേശിക അറബിപത്രം അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയ നിയമം ഡിസംബര്‍ 13 നാണ് ഖത്തര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. 
ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് നിയമം നടപ്പിലാകുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ ഒൗദ്യോഗിക ഗസറ്റില്‍ 29ാം നമ്പറായാണ് ഡിസംബര്‍ 13ന് നിയമം പ്രസിദ്ധീകരിച്ചത്. അതുപ്രകാരം ഈ വര്‍ഷം ഡിസംബര്‍ 14 മുതല്‍ പുതിയ തൊഴില്‍ കരാര്‍ വ്യവസ്ഥയും എക്സിറ്റ് നിയമവും ഉള്‍ക്കൊള്ളുന്ന പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 21/2015 നിയമമായാണ് അമീര്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചിരുന്നത്. 
എന്നാല്‍, കഴിഞ്ഞദിവസം അല്‍ റായ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ ഒക്ടോബറില്‍ നിയമം പ്രാബല്യത്തിലാകും. നിയമത്തിന്‍െറ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവിട്ടു. നിലവിലെ നിയമപ്രകാരം  പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരുന്നതിന്  രണ്ടുവര്‍ഷത്തെ വിലക്ക് പുതിയ നിയമത്തില്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഒരു തൊഴിലില്‍ നിന്ന് ഒഴിവായി രാജ്യത്ത് നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത്ഉടന്‍ തന്നെ എത്താന്‍  സാധിക്കും. നിലവില്‍ വിസ ക്യാന്‍സല്‍ ചെയ്ത് രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക് രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമെ തിരിച്ചുവരാന്‍ സാധിക്കുകയുളളൂ. എന്നാല്‍ പുതിയ നിയമത്തില്‍ ഇത്തരം ആളുകള്‍ക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം തിരിച്ചുവരാം. നിലവില്‍ മുന്‍തൊഴിലുടമയില്‍ നിന്ന് എന്‍.ഒ.സി ലഭിച്ചാല്‍ മാത്രമെ വിലക്കില്ലാതെ ഖത്തറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. നിലവിലെ കഫാല സംവിധാനം എടുത്തുകളയുന്നതോടെ നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന വ്യക്തിക്ക് പുതിയൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ലഭിച്ചാല്‍ മുന്‍ സ്പോണ്‍സറുടെ അനുമതി ആവശ്യമായിവരില്ളെന്ന് ബോര്‍ഡര്‍, പാസ്പോര്‍ട്ട് ആന്‍റ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് അസി. ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ് പറഞ്ഞു. പുതിയ നിയമത്തിലെ പ്രധാനവകുപ്പുകളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രവാസി തൊഴിലാളിക്ക് ഖത്തറില്‍ ജോലി ചെയ്യുന്നതിന് പുതിയൊരു കരാര്‍ ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ മടങ്ങിയത്തൊം. പക്ഷെ വിസ ഉള്‍പ്പടെയുള്ള മറ്റ് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കണം. 
പ്രവാസി തൊഴിലാളിക്ക് ശിക്ഷ ലഭിക്കുകയും ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാതിരിക്കുകയോ അപ്പീല്‍ കോടതി തള്ളുകയോ ചെയ്താല്‍ ഖത്തറില്‍ തിരികെ പ്രവേശിക്കുന്നതിന് നാലുവര്‍ഷത്തെ വിലക്കുണ്ട്. പുതിയ നിയമത്തിലെ 26ാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
പ്രവാസി തൊഴിലാളിയെ കോടതിവിധിയിലൂടെ നാടുകടത്തിയാല്‍ ആഭ്യന്തരമന്ത്രിയുടെ അനുമതിയില്ലാതെ ഖത്തറിലേക്ക് തിരിച്ചുവരാനാകില്ല. പുതിയ നിയമം പ്രാബല്യത്തിലായാല്‍ തൊഴില്‍ കരാറാണ് പ്രഥമവും പ്രാധാന്യവുമായ രേഖ. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിര്‍ണയിക്കുന്നത് തൊഴില്‍കരാറായിരിക്കുമെന്നും ബ്രിഗേഡിയര്‍ അല്‍ അതീഖ് പറഞ്ഞു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള അന്യായം, ബാധ്യത, അവകാശങ്ങള്‍ എന്നിവയുടെയെല്ലാം ആധാരം ഈ കരാറായിരിക്കും. തൊഴിലാളിയും തൊഴിലുടമയും നിര്‍ബന്ധമായും കരാറില്‍ ഒപ്പുവച്ചിരിക്കണം. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി ഈ കരാറിനുണ്ടായിരിക്കണം. ഇരുകക്ഷികളേയും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം കരാറിലെ കാലാവധി നിശ്ചയിക്കേണ്ടത്. പുതിയ നിയമപ്രകാരം സര്‍ക്കാരിന്‍െറ അനുമതിയോടെ പ്രവാസി തൊഴിലാളിക്ക് തൊഴില്‍ മാറാം. കരാര്‍ കാലാവധി കഴിഞ്ഞാലോ ഓപണ്‍ കരാറുകളില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാലോ ഇത്തരത്തില്‍ അനുമതിയോടെ തൊഴില്‍മാറാം. കരാര്‍ കാലാവധിക്കു മുമ്പ്തൊഴില്‍ മാറണമെങ്കില്‍ തൊഴിലുടമയുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ അതോറിറ്റിയുടെയും അനുമതി വേണം. തൊഴിലാളികള്‍ക്ക് രാജ്യം വിട്ട് പോകാനുളള എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുക ആഭ്യന്തര മന്ത്രാലയമായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ മണിക്കുറുകള്‍ക്കുളളിലും എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.