ദോഹ: കതാറ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് സെന്‍യാര്‍ മുത്ത് വാരല്‍-മീന്‍പിടിത്ത ഉത്സവത്തിലെ മത്സരങ്ങള്‍ തുടരുന്നു. ഫശ്ത് അല്‍ ഹദീദില്‍ നടക്കുന്ന പ്രത്യേക മത്സരയിനങ്ങളായ ഹദ്ദാഖും മുത്തുവാരലും ഇന്ന് വൈകിട്ട് അവസാനിക്കും. ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഹദ്ദാഖില്‍ നടക്കുന്നതെന്നും മത്സരാര്‍ഥികള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും സംഘാടക സമിതി ചെയര്‍മാനും കതാറ ബീച് അതോറിറ്റി ഡയറക്ടറുമായ അഹ്മദ് അല്‍ ഹിത്മി പറഞ്ഞു.
മുത്ത് വാരല്‍ മത്സരത്തില്‍ ആദ്യ നാല് സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും മികച്ചതും വാശിയേറിയതുമായ ചാമ്പ്യന്‍ഷിപ്പാണ് അഞ്ചാമത് സെന്‍യാറില്‍ പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലിഫാഹ് മത്സ്യബന്ധനത്തില്‍ മത്സരാര്‍ഥികള്‍ പിടികൂടിയ മത്സ്യങ്ങളുടെ തൂക്കമെടുക്കുന്നതിന്‍െറ ആദ്യഘട്ടം സമാപിച്ചു. ഒരു ദിവസം അര ടണ്‍ മത്സ്യം പിടികൂടിയതായും അദ്ദേഹം വിശദീകരിച്ചു.
ശനിയാഴ്ച ലിഫാഹിന്‍െറ അവസാന ഘട്ട ഫലപരിശോധന നടക്കും. അതേസമയം തന്നെ, ഖിഫാല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി പരമ്പരാഗത ബോട്ടുകള്‍ കതാറയിലെക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍യാര്‍ ഫെസ്റ്റില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയ അല്‍തുബ മത്സരം നടക്കുന്നുണ്ടെന്നും മുത്തുവാരല്‍ മത്സരത്തിലുള്ള ടീമുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍ക്കാള്ളിച്ചാണ് ഇത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍യാര്‍ ഫെസ്റ്റിന്‍്റെ ഒന്നാം ദിനം മുതല്‍ തന്നെ വന്‍ പങ്കാളിത്തവും വീറും വാശിയും നിറഞ്ഞ മത്സരവുമാണ് അരങ്ങേറുന്നത്. ലിഫാഹ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തൂക്കം മത്സ്യം പിടിക്കുന്ന ടീമാകും വിജയികളാകുക. രാവിലെ മുതല്‍ വൈകുന്നേരം ഇരുട്ട് പരക്കുന്നത് വരെ ടീമുകള്‍ മത്സ്യബന്ധനത്തില്‍ തന്നെയാണ്. മുത്തുവാരലില്‍ മുത്തുച്ചിപ്പികള്‍ മാത്രമേ വാരാന്‍ പാടുള്ളൂവെന്നും അല്ലാത്തവ പരിഗണിക്കുകയില്ളെന്നും മത്സരത്തില്‍ നിര്‍ദേശിക്കുന്നതുണ്ട്. അതോടൊപ്പം മുങ്ങുമ്പോള്‍ ശ്വസനോപകരണങ്ങള്‍ ഉപയോഗിക്കുന്നതും മത്സരത്തില്‍ വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.