വസ്തുതാവിരുദ്ധമെന്ന് ഏഷ്യന്‍  നയതന്ത്ര പ്രതിനിധികള്‍

ദോഹ: ഖത്തറിലെ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട്, ശരിയായ വസ്തുതകള്‍ പ്രതിഫലിക്കുന്നതല്ളെന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികളും പ്രമുഖരും വിലയിരുത്തുന്നു. തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി ഖത്തര്‍ ഗവണ്‍മെന്‍റ് നടപ്പാക്കിയ പല പദ്ധതികളെയും റിപ്പോര്‍ട്ട് കണ്ടില്ളെന്ന് നടിക്കുകയാണെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു.
യഥാര്‍ഥ്യം പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടാണിതെന്ന് കരുതുന്നില്ളെന്നും, റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിക്കുന്ന തൊഴില്‍ സാഹചര്യങ്ങളല്ല ഖത്തറിലിപ്പോള്‍ നിലവിലുള്ളതെന്നും ഖത്തറിലെ ബംഗ്ളാദേശ് അംബാസഡര്‍ അഷ്ഹദ് അഹമ്മദ് പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളില്‍ തൊഴിലെടുക്കുന്ന ബംഗ്ളാദേശികള്‍ സംതൃപ്തരാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചപോലുള്ള ദ്രോഹ നടപടികള്‍ തൊഴിലാളികള്‍ക്ക് അനുഭവപ്പെട്ടതായുള്ള പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. 
2015 ജൂണിന് മുമ്പുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് തയാറാക്കിയതാണ് പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ സാഹചര്യങ്ങളല്ല നിലവിലുള്ളത്. 2015 രണ്ടാംപകുതിക്ക് ശേഷം തൊഴിലാളിക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഖത്തര്‍ ഗവണ്‍മെന്‍റ് കൈക്കൊണ്ടിട്ടുള്ളതെന്നും വേതന സംരക്ഷണ സംവിധാനം (ഡബ്ള്യു.പി.എസ്) അടക്കമുള്ളവ തൊഴിലാളികള്‍ക്ക് വളരെയേറെ ഗുണപ്രദമാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വേതനവുമായി ബന്ധപ്പെട്ട പരാതികള്‍ ഖത്തര്‍ അധികൃതരെ അറിയിക്കുന്ന മുറക്ക് പരിഹാര നടപടികളുണ്ടാകുന്നുണ്ട്. വിസ ഏജന്‍റുമാരുടെ ചൂഷണങ്ങളിലകപ്പെട്ട് ഖത്തറിലത്തെുന്ന തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നതെന്നും ഇത് തടയാനുള്ള പദ്ധതികള്‍ എടുത്തുവരുന്നതായും അംബാസഡര്‍ പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിച്ച ബംഗ്ളാദേശ് വിദേശകാര്യമന്ത്രിയോടൊത്ത് താന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനു വിഭിന്നമായി  നവീന താമസ സൗകര്യങ്ങളാണ് ഇവിടെ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ഖത്തറിലെ ശ്രീലങ്കന്‍ അംബാസഡറും ആംനസ്റ്റി റിപ്പോര്‍ട്ടിനെ ഏകപക്ഷീയമെന്നാണ് വിശേഷിപ്പിച്ചത്. റിപ്പോര്‍ട്ട് കാലഹരണപ്പെട്ടതും സര്‍ക്കാറിന്‍െറ തൊഴിലാളി ക്ഷേമനടപടികള്‍ പ്രതിഫലിക്കാത്തതുമാണെന്ന് അംബാസഡര്‍ ഡോ. ഡബ്ള്യു.എം കരുണദാസ പറഞ്ഞു. തെരഞ്ഞെടുത്ത പല വിവാദ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ കരാറുകളേറ്റെടുത്ത നാല്‍പതോളം കമ്പനികള്‍ വിവിധ പദ്ധതികളിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും നിലവാരമില്ലാത്തതിനാല്‍ വിമര്‍ശവിധേയരായ നാലു കമ്പനികളുടെ പേരെടുത്ത് വിശേഷിപ്പിച്ചാണ് തൊഴില്‍ സാഹചര്യങ്ങള്‍ ആംനസ്റ്റി വിലയിരുത്തിയിട്ടുള്ളതെന്നും കരുണദാസ പറഞ്ഞു. 
യഥാര്‍ഥ്യങ്ങളെ അപേക്ഷിച്ച് വികാരങ്ങളാണ്് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് പ്രശസ്ത നേപ്പാളി സാമൂഹിക പ്രവര്‍ത്തക അംബിക ഖാത്തിരി പറഞ്ഞു. തൊഴിലാളികള്‍ക്ക് ഗുണകരമായ പല പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഹെല്‍ത്ത് കാര്‍ഡ്, വര്‍ക്ക് പെര്‍മിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ കൈവശമുള്ള തൊഴിലാളികള്‍ക്ക് മാത്രമേ നിര്‍മാണ സൈറ്റുകളില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളൂ. നേപ്പാളില്‍ ഭൂകമ്പം നാശംവിതച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാഹചര്യമൊരുക്കിയില്ളെന്ന പരാമര്‍ശത്തെയും അവര്‍ വിമര്‍ശിച്ചു. ഈയവസരത്തില്‍ എംബസിയും വിവിധ കമ്പനികളും സംയുക്തമായി സംഭാവനകള്‍ സ്വരൂപിച്ചതായും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.