ഓര്‍ബിറ്റല്‍ ഹൈവേ, ട്രക്ക് റൂട്ട് പദ്ധതികള്‍ പുരോഗമിക്കുന്നു 

ദോഹ: പുതിയ ഓര്‍ബിറ്റല്‍ ഹൈവേ പദ്ധതിയുടെ നിര്‍മാണ സൈറ്റുകളും പുതിയ ട്രക്ക് റൂട്ട് പദ്ധതി പ്രദേശവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി സന്ദര്‍ശിച്ചു. ഖത്തറിന്‍െറ തെക്ക് വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേ നിര്‍മാണത്തിന് നേതൃത്വത്തിന് നേതൃത്വം നല്‍കുന്നത് പബ്ളിക് വര്‍ക്സ് അതോറിറ്റിയായ അശ്ഗാലാണ്. പദ്ധതിയുടെ പുരോഗതിയും നിര്‍മാണ പ്രവര്‍ത്തികളും നോക്കിക്കണ്ട മന്ത്രി, പദ്ധതിയെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അശ്ഗാല്‍ ഉദ്യോഗസ്ഥരുമായി വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് പദ്ധതിയുടെ രണ്ടാംഘട്ടം നടക്കുന്ന സൈറ്റും മന്ത്രി സന്ദര്‍ശിച്ചു. 
എട്ട് ഗ്രേഡ് സപ്രേറ്റഡ് ഇന്‍റര്‍ചേഞ്ചുകള്‍ ഉള്‍ക്കൊള്ളുന്ന 45 കിലോമീറ്റര്‍ രണ്ടാംഘട്ട പാത ദോഹയുടെ തെക്ക് വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കും. എക്സ്പ്രസ് ഹൈവേ പദ്ധതിയുടെ നാല് ഘട്ടങ്ങളും തമ്മില്‍ ഇത് ബന്ധിപ്പിക്കുന്നുണ്ട്. പുതിയ ഓര്‍ബിറ്റല്‍ ഹൈവേ, ട്രക്ക് റൂട്ട് പദ്ധതി, ദുഖാന്‍ ഹൈവേ, നോര്‍ത്ത് റോഡ് നോര്‍ത്ത് റിലീഫ് റോഡ് പദ്ധതി എന്നിവയെ പരസ്പരം ഇത് കൂട്ടിയോജിപ്പിക്കുന്നു. തുടര്‍ന്ന് 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലാം പദ്ധതി പ്രദേശവും മന്ത്രി സന്ദര്‍ശിച്ചു. 
ഖത്തറിന്‍െറ റോഡ് ശൃംഖലയില്‍ വലിയ മാറ്റമാണ് പദ്ധതി വരുത്തുന്നത്. ദുഖാന്‍, മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നതിന് ഇത് വളരെ ഉപകാരപ്പെടും. തലസ്ഥാന നഗരമായ ദോഹയിലത്തൊതെ വടക്കും തെക്കും എത്താന്‍ കഴിയുമെന്നതും പുതിയ റോഡുകളുടെ പ്രത്യേകതയാണ്. 
ദോഹയിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരം കാണാനും പുതിയ റോഡ് വരുന്നതോടെ സാധ്യമാകും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.