മലയാളികള്‍ക്ക് നാട്ടില്‍ പോകാന്‍ വഴിയൊരുങ്ങുന്നു

ദോഹ: മാസങ്ങളായി ശമ്പളവും ജോലിയുമില്ലാതെ ദുരിത ജീവിതം നയിച്ച മലയാളി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ വഴിയൊരുങ്ങുന്നു. നജ്മ കേന്ദ്രീ കരിച്ച് പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ ഏജന്‍സിയിലെ ഏഴ് മലയാളികളാണ് രണ്ട് മാസത്തോളമായി ജോലിയും അതിലധികമായി കൂലിയുമില്ലാതെ കഴിയുന്നത്. ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടതിനത്തെുടര്‍ന്ന് അധികൃതരും ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഹെല്‍പ് ഡെസ്കും ഇടപെട്ടതിനത്തെുടര്‍ന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി തയാറായത്.
സൈലിയ നാലിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്നത് ആറ് തിരുവനന്തപുരം സ്വദേശികളും ഒരു ചാവക്കാട് സ്വദേശിയുമാണ്. രണ്ട് പേര്‍ക്ക് നാല് മാസത്തേയും മൂന്ന് പേര്‍ക്ക് മാസത്തെയും രണ്ട് പേര്‍ക്ക് രണ്ട് മാസത്തെയും ശമ്പളം കിട്ടിയിട്ടില്ല. ശ്രീലങ്കന്‍ സ്വദേശി നടത്തുന്ന കമ്പനിയില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്കാണ് ഇവരെ വിട്ടിരുന്നത്. ചിലര്‍ പത്ത് മാസം മുമ്പും ഏതാനും പേര്‍ ഒമ്പത് മാസം മുമ്പുമാണ് ഖത്തറില്‍ ജോലിക്കത്തെിയത്. മൂന്ന് പേര്‍ക്ക് മാത്രമാണ് വിസ അടിച്ചത്. ആദ്യ മാസങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൃത്യമായി ശമ്പളം കിട്ടിയിരുന്നു. മൈദറിലായിരുന്നു ആദ്യം കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നജ്മയിലേക്ക് മാറ്റുകയായിരുന്നു. 
നാല് മാസം മുമ്പാണ് ഓരോരുത്തര്‍ക്കായി ശമ്പളം കിട്ടാതായത്. രണ്ട് മാസം മുമ്പേ ജോലിക്ക് വിളിക്കാതെയുമായി. കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ ഭീഷണിസ്വരത്തിലായിരുന്നു മറുപടി. തുടര്‍ന്നാണ് ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടത്. നേരത്തെ വാങ്ങിവെച്ച അരിയും സാധനങ്ങളും പിന്നെ നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്ന് ഇലക്ട്ടിക്കല്‍ ഫോര്‍മാനായി ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി അലക്സ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ വിജിന്‍, സന്തോഷ്, ഫനേഡിയ രമ്യാസ്, ശാന്തന്‍ സ്റ്റീഫന്‍, നിധിന്‍ ഷാജു, ചാവക്കാട് സ്വദേശി അബ്ദുല്‍ ജലാല്‍ എന്നിവരാണ് ക്യാമ്പിലുള്ളത്. എങ്ങനെയെങ്കിലും നാട്ടിലത്തെുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. പാസ്പോര്‍ട്ട് അടക്കം രേഖകളെല്ലാം കമ്പനിയിലാണുള്ളത്.
ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഹെല്‍പ് ഡെസ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം എംബസിയിലത്തെിയ കമ്പനി അധികൃതര്‍ തിങ്കളാഴ്ചയോടെ നാല് തൊഴിലാളികളെ തിരിച്ചയക്കാമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്. 
ഒരേ സ്ഥാപനത്തിലാണ് ജോലിയെങ്കിലും രണ്ട് കമ്പനികളുടെ പേരിലാണ് തൊഴിലാളികളുടെ വിസ. ഇതില്‍ അബൂ ഗൈസ് എന്ന കമ്പനിക്ക് കീഴിലുള്ളവരെയാണ് തിരിച്ചയക്കാമെന്ന് സമ്മതിച്ചത്. അറവാത്ത് എന്ന പേരിലുള്ള കമ്പനിയില്‍ വിസയുള്ളവരുടെ കാര്യം ഉടന്‍ തീരുമാനമാവുമെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി ലീഗല്‍ കണ്‍സള്‍ട്ടന്‍റ് കരീം അബ്ദുല്ല പറഞ്ഞു. 
മലയാളികളായ ഏഴ് പേരെ കൂടാതെ ഒമ്പത് ശ്രീലങ്കക്കാരും ഒരു ബംഗ്ളാദേശിയും കമ്പനയുടെ ക്യാമ്പില്‍ തൊഴിലും കൂലിയുമില്ലാതെ കഴിയുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.