സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 322 ദശലക്ഷം റിയാലിന്‍െറ സഹായമത്തെിച്ചു

ദോഹ: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി പലായനം ചെയ്തവര്‍ക്കും ഇന്തോനേഷ്യയിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കും ഖത്തര്‍ ചാരിറ്റി സഹായമത്തെിച്ചു. 60 ലക്ഷത്തോളം സിറിയക്കാര്‍ക്ക് ഖത്തര്‍ ചാരിറ്റി 322 ദശലക്ഷം റിയാലിന്‍െറ ധനസഹായം ലഭ്യമാക്കിയതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. 
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ 2011 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം സെപ്തംബര്‍വരെയുള്ള കാലയളവില്‍ വിതരണം ചെയ്ത ധനസഹായം 6.75 ലക്ഷത്തിലധകം ആളുകള്‍ക്ക് ഉപകാരപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സഹായത്തിന്‍െറ  67 ശതമാനവും (മൊത്തം 213.06 ദശലക്ഷം) സിറിയയില്‍ തന്നെ കഴിയുന്ന ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്കായാണ് ചെലവഴിച്ചത്്. ബാക്കി തുക അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്കായും വിതരണം ചെയ്തു. ലബനാനില്‍ 58.27 ദശലക്ഷം റിയാല്‍, ജോര്‍ദാന്‍ (26.88), തുര്‍ക്കി (19), ഇറാഖ് (4.5) എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്.  120.21 ദശലക്ഷം റിയാല്‍ അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും 102.56 ദശലക്ഷം ഭക്ഷണത്തിനായും, ആരോഗ്യ സംരക്ഷണത്തിനായി  68.21 ദശലക്ഷം റിയാലും  വിദ്യാഭ്യാസത്തിന് 30.75 ദശലക്ഷം റിയാല്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചു. ഇതിനുപുറമെ ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും റേഷന്‍ സാധനങ്ങളും സിറിയയില്‍ വിതരണം ചെയ്തു. ഇതില്‍ കിഴങ്ങുകളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടും. സഞ്ചരിക്കുന്ന വാഹനങ്ങളിലായി പ്രതിദിനം 60,000 ബ്രെഡ് വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ആറ് മാസത്തേക്കുള്ള ഈ പദ്ധതിക്കായി മൂന്നു ദശലക്ഷം റിയാല്‍ വിനിയോഗിച്ചിട്ടുണ്ട്. മൂന്നു ദശലക്ഷത്തോളം വരുന്ന സിറിയന്‍ ജനതയുടെ വിവിധ ഭക്ഷണ പദ്ധതികള്‍ക്കുമാത്രമായി 102,561,000 റിയാലാണ് ചെലവുവന്നത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ഇവര്‍ക്കായി 2500ഓളം വീടുകളും ഒരുക്കിയിട്ടുണ്ട്.
മ്യാന്‍മറില്‍ നിന്ന് അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളിലത്തെുകയും അവിടങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട് ഇന്തോനേഷ്യയിലെ തീരപ്രദേശങ്ങളില്‍ അഭയം തേടുകയും ചെയ്ത റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ഥികള്‍ക്കും സഹായം ലഭ്യമാക്കി. ജക്കാര്‍ത്തയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്‍, 200 ഓളം കുട്ടികള്‍ക്കുള്ള സ്കൂള്‍ ബാഗുകള്‍ എന്നിവ വിതരണം ചെയ്തു. ചിലയിടങ്ങളില്‍ കുടിവെള്ളത്തിനുള്ള കിണറും ജലസംഭരണിയും നിര്‍മിച്ചുനല്‍കി. 10,90 അഭയാര്‍ഥികള്‍ക്ക് ഇതിന്‍െറ ഗുണം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ ദിവസങ്ങളോളം ബോട്ടില്‍ കടലിലൂടെ അലയുകയായിരുന്ന നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്ലിം കുടുംബങ്ങളാണ് ഇന്തോനേഷ്യയിലെ ആച്ചേ തുറമുഖത്ത് അഭയം പ്രാപിച്ചത്. ഇവര്‍ക്കായി ഖത്തര്‍ ചാരിറ്റി രണ്ട് ലക്ഷം റിയാലിന്‍െറ  സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ വസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.