ദോഹ: സിറിയന്‍ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താന്‍ രാഷ്ട്രീയ ഇടപെടലിന് ഒരുക്കമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ പറഞ്ഞു. പ്രസിഡന്‍റ് ബഷാറുല്‍ അസദിന്‍െറ കിരാത ഭരണത്തില്‍നിന്ന് സിറിയന്‍ ജനതയുടെ മോചനത്തിനായി സെനിക ഇടപെടല്‍ വേണ്ടിവന്നാല്‍ സഹോദര രാഷ്ട്രങ്ങളായ സൗദിയും തുര്‍ക്കിയുമായി സഹകരിച്ച് അതിനൊരുങ്ങുമെന്നും സി.എന്‍.എന്‍ അറബിക് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അത്വിയ്യ വ്യക്തമാക്കി. സിറിയന്‍ ജനതയുടെ രക്ഷക്ക് സൈനിക നടപടിയാണ് ആവശ്യമെങ്കില്‍ അതിന് മടിക്കില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ ബഷാറുല്‍ അസദിനെ എതിര്‍ക്കുന്ന വിമതര്‍ക്കെതിരെ റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളെ നേരത്തെ ഖത്തറും, വിമതരെ അനുകൂലിക്കുന്ന പാശ്ചാത്യരാജ്യങ്ങളും അപലപിച്ചിരുന്നു. സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും അവര്‍ക്കുള്ള സഹായങ്ങളും ഖത്തറില്‍നിന്ന് നിര്‍ലോഭം ലഭിക്കുന്നുമുണ്ട്. യു.എന്‍ പ്രമേയം പോലെ നയതന്ത്രതലത്തിലുള്ള ഇടപെടലുകളും ഖത്തറിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
കൂടാതെ സിറിയന്‍ പ്രതിപക്ഷത്തിന്‍െറ എംബസി കാര്യാലയവും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിലപാടുകളെല്ലാം ഖത്തറിനെ സിറിയന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്നവരുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. സിറിയയില്‍ പ്രതിസന്ധി രൂക്ഷമായ 2011ന് ശേഷം 25,000ഓളം സിറിയക്കാര്‍ ഖത്തറില്‍ കുടിയേറിയിട്ടുണ്ടെന്ന് അത്വിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഖത്തര്‍ സൈന്യത്തെ സിറിയയിലേക്ക് നേരിട്ട് അയക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെന്ന് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകനായ മൈക്കല്‍ സ്റ്റീഫന്‍സ് പറഞ്ഞു. സൈന്യത്തെ സിറിയയിലേക്ക് നേരിട്ട് അയക്കുന്നതിനു പകരം സിറിയന്‍ ഭരണകൂടത്തിനെതിരെ പൊരുതുന്നവരെ സഹായിക്കാനായി കൂടുതല്‍ ആയുധവും മറ്റു സഹായങ്ങളും നല്‍കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരമൊരു നീക്കമുണ്ടായാല്‍ ഖത്തര്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അത്വിയ്യയുടെ പ്രസ്താവനയോട് സിറിയയിലെ ബഷാര്‍ അനുകൂലികള്‍ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.