ഖത്തര്‍ എയവേസ്-റോയല്‍ എയര്‍ മൊറോക്ക സഹകരണം

ദോഹ: ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഖത്തര്‍ എയര്‍വെയ്സും മോറോക്കന്‍ വിമാന കമ്പനിയായ റോയല്‍ എയര്‍ മൊറോക്കയും വ്യോമയാന രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 
ഈ വര്‍ഷം മെയില്‍ ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലാണ് കമ്പനികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കിര്‍, റോയല്‍ എയര്‍ മൊറോക്കോ സി.ഇ.ഒ ഡ്രിസ്സ് ബെന്‍ഹിമ എന്നിവര്‍ ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായി ദോഹ മൊറോക്കോയിലെ കാസാബ്ളാങ്ക റൂട്ടില്‍ റോയല്‍ എയര്‍ മൊറോക്കോ മൂന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ ഖത്തര്‍ എയര്‍വെയ്സ് നടത്തുന്ന ഏഴ് സര്‍വീസുകള്‍ ഉള്‍പ്പെടെ ഈ റൂട്ടില്‍ ഇനി മുതല്‍ 10 സര്‍വീസുകള്‍ ഇരു കമ്പനികളും ചേര്‍ന്ന് സംയുക്തമായി നടത്തും. ഇരു കമ്പനികളും ഡ്രീംലൈനര്‍ 787 വിമാനമാണ് ഈ റൂട്ടില്‍ ഉപയോഗപ്പെടുത്തുക.  ഹമദ് വിമാനത്താവളത്തിലേക്ക് റോയല്‍ എയര്‍ മൊറോകിനെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കിയ അക്ബര്‍ അല്‍ ബാക്കിര്‍ പുതിയ കൂട്ടുകെട്ട് ഇരു കമ്പനികളെയും ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.  
ലോകത്തിലെ തന്നെ പ്രമുഖ വിമാന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള റോയല്‍ എയര്‍ മൊറോക്കയുടെ തീരുമാനം കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച മൊറോക്കന്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍റ് ലോജിസ്റ്റിക് മന്ത്രി അസീസ് റബാഹ് പറഞ്ഞു. രാജ്യത്തിന്‍െറ വിനോദ സഞ്ചാര മേഖലയെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
രണ്ട് എയര്‍ലൈനുകള്‍ക്കും മത്സരം ശക്തമാക്കാനും ഈ റൂട്ടിലെ വരുമാനം പങ്കുവെക്കാനും പുതിയ ബന്ധത്തിലൂടെ കഴിയും. റോയല്‍ മെറോക്കിന്‍െറ 40ഓളം ആഫ്രിക്കന്‍ റൂട്ടുകളിലേക്ക് ഖത്തര്‍ എയര്‍വേസിനെയും ഖത്തര്‍ എയവേസിന്‍െറ 70 റൂട്ടുകളിലേക്ക് റോയല്‍ മറോക്കിനെയും പരസ്പരം ബന്ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
മൊറോക്കന്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍റ് ലോജസ്റ്റിക് മന്ത്രി അസീസ് റബാഹ്, റോയല്‍ എയര്‍ മൊറോക്കോ സി.ഇ.ഒ ഡ്രിസ്സ് ബെന്‍ഹിമ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മൊറോക്കന്‍ വിമാനത്തില്‍ ദോഹയിലത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.