ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് : ശിവ ഥാപ്പക്ക് പരാജയം; വെങ്കലം

ദോഹ: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശിവ ഥാപ്പക്ക് സെമിയില്‍ പരാജയം. ഉസ്ബക്കിസ്ഥാന്‍െറ മുറോദ്ജോന്‍ അഖ്മദലിയേവാണ് ഇന്ത്യന്‍ താരത്തിന്‍െറ ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയത്. സെമിയില്‍ പരാജയപ്പെട്ടെങ്കിലും ശിവ ഥാപ്പക്ക് വെങ്കല മെഡല്‍ ലഭിക്കും. ഇതോടെ വിജേന്ദര്‍ സിങിനും വികാസ് കൃഷ്ണനും ശേഷം ലോക ബോക്സിങില്‍ മെഡല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതി ശിവക്ക് സ്വന്തമായി. 
ചാമ്പ്യന്‍ ഷിപ്പിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന ശിവ സെമി ഫൈനല്‍ മത്സരത്തിന്‍െറ ആദ്യ രണ്ട് റൗണ്ടുകളിലും തീര്‍ത്തും നിറംകെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ഉസ്ബെക്ക് താരത്തിന്‍െറ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശിവ നന്നെ വിയര്‍പ്പൊഴുക്കി. പലപ്പോഴും പിന്നോക്കം പോകുന്ന സമീപനമായിരുന്നു ശിവയുടേത്. ഉസ്ബക്ക് താരം ആക്രമിച്ചുകയറുകയും ചെയ്തു. ശക്തമായ പഞ്ച് ഉതിര്‍ക്കാന്‍ രണ്ട് റൗണ്ടുകളിലും ശിവക്കായില്ല. മൂന്ന് ജഡ്ജിമാരുടെയും തീരുമാനം ആദ്യ റൗണ്ടുകളില്‍ ഉസ്ബക്ക് താരത്തിന് അനുകൂലമായിരുന്നു. പ്രീക്വാര്‍ട്ടറിലേതിന് സമാനമായ രീതിയില്‍ മൂന്നാം റൗണ്ടില്‍ ശിവ ശക്തമായി തിരിച്ചുവരുന്നതാണ് റിങില്‍ കണ്ടത്. എതിരാളിക്കുമേല്‍ തകര്‍പ്പന്‍ പഞ്ചുകളുമായി ശിവ ആക്രമിച്ചുകയറി. ശക്തമായി പ്രതിരോധിച്ചതാണ് ഉസ്ബക്ക് താരത്തിന് തുണയായയത്. അവസാനത്തെ മൂന്നുമിനിറ്റ് നേരം തീര്‍ത്തും ആക്രമണാത്മകമായിരുന്നു. 
രണ്ടുപേരും ആക്രമണശൈലിയിലായിരുന്നു ഏറ്റുമുട്ടിയത്. ശിവയുടെ തുടര്‍ച്ചയായ ഇടംകയ്യന്‍ പഞ്ചുകള്‍ ഉസ്ബക്ക് താരത്തിന് പ്രതിരോധിക്കാനായില്ല. എന്നാല്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഉസ്ബക്ക് താരം പ്രത്യാക്രമണം ശക്തമാക്കി. മൂന്നാം റൗണ്ടില്‍ മൂന്ന് ജഡ്ജിമാരും രണ്ടുപേര്‍ക്കും തുല്യമാര്‍ക്കാണ് നല്‍കിയത്. 
ഇതുതന്നെ മത്സരത്തിന്‍െറ കാഠിന്യം വ്യക്തമാക്കുന്നു. ആദ്യ രണ്ട് റൗണ്ടുകളിലെ മുന്‍തൂക്കത്തില്‍ മൂന്നു ജഡ്ജിമാരുടെയും അനുകൂലവിലയിരുത്തലില്‍ 2-1ന് ഉസ്ബക്ക് താരം മത്സരം സ്വന്തമാക്കി. തോല്‍വി നേരിട്ടെങ്കിലും തലയുയര്‍ത്തിപ്പിടിച്ചാണ് ശിവ ഥാപ്പ ഖത്തറില്‍ നിന്ന് മടങ്ങുന്നത്. 
ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനമാണ് ശിവ നടത്തിയത്. പ്രാഥമിക റൗണ്ടില്‍  അള്‍ജീരിയയുടെ ഖലീല്‍ ലിഥിമിനെയും പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മുഹമ്മദ് ഹാമൗട്ടിനെയും ക്വാര്‍ട്ടറില്‍ ഖത്തറിന്‍െറ ഹകന്‍ എറെസ്കറെയും വീഴ്ത്തിയായിരുന്നു ഇന്ത്യന്‍ താരത്തിന്‍െറ മുന്നേറ്റം. പ്രീക്വാര്‍ട്ടറില്‍ എതിരാളിയെ റിങില്‍ ഇടിച്ചിട്ട് നോക്കൗട്ട് വിജയം നേടാനും ശിവക്ക് കഴിഞ്ഞിരുന്നു. 
രണ്ട് റൗണ്ട് പിന്നില്‍ നിന്നശേഷമായിരുന്നു ഈ അസാധാരണമായ തിരിച്ചുവരവ്.  2010 യൂത്ത് ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട് അസം സ്വദേശിയായ ശിവ ഥാപ്പ. ഒക്ടോബര്‍ 14നും 15നും നടക്കുന്ന ബോക്സ് ഓഫ് യോഗ്യതാ മത്സരത്തില്‍ വിജയിച്ചാല്‍ ശിവ ഥാപ്പക്ക് ഒളിമ്പിക്സ് യോഗ്യത നേടാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.