പി.എസ്.ജി-ഇന്‍റര്‍മിലാന്‍  സൗഹൃദ മത്സരം ദോഹയില്‍

ദോഹ: ഫ്രഞ്ച് ലീഗിലെ വമ്പന്‍മാരായ പാരീസ് സെയ്ന്‍റ് ജര്‍മ്മനും (പി.എസ്.ജി) ഇറ്റാലിയന്‍ മുന്‍നിര ക്ളബ്ബായ ഇന്‍റര്‍മിലാനും തമ്മില്‍ ദോഹയില്‍ സൗഹൃദമത്സരത്തിന് അരങ്ങൊരുങ്ങുന്നു. ഡിസംബര്‍ 30ന് അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കാല്‍പന്ത് കളിക്കമ്പക്കാര്‍ക്ക് വിരുന്നാകുന്ന മത്സരം. മത്സരത്തിന്‍െറ ടിക്കറ്റ് വില്‍പന അടുത്ത മാസം ആദ്യം ആരംഭിക്കുമെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ദോഹയില്‍ പരിശീലനം നടത്തും. പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍ നാലുദിവസവും ഇന്‍റര്‍മിലാന്‍ ഏഴ് ദിവസവും ആസ്പയര്‍ സോണില്‍ പരിശീലനത്തിലേര്‍പ്പെടും. വിഖ്യാത സ്വീഡിഷ് താരം സ്ളാട്ടന്‍ ഇബ്രഹാമോവിച്ച്, ബ്രസീലിന്‍െറ തിയാഗോ സില്‍വ, എഡിസണ്‍ കവാനി, തിയാഗോ മോട്ട, ഡേവിഡ് ലൂയിസ്, അര്‍ജന്‍റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയ ഉള്‍പ്പടെയുള്ള പ്രമുഖരാണ് പി.എസ്.ജിക്ക് വേണ്ടി ബൂട്ടണിയുന്നത്. 
ഖത്തറിന്‍െറ ഉടമസ്ഥതയിലുള്ള പാരീസ് സെയ്ന്‍റ് ജര്‍മ്മന്‍ ദോഹയില്‍ ഇതിനുമുമ്പും സൗഹൃദ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് ഉള്‍പ്പടെയുളള ടീമുകള്‍ക്കെതിരായാണ് പി.എസ്.ജി ഇവിടെ മത്സരിച്ചത്. 2012ല്‍ പി.എസ്.ജി ടീം ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി 800 ദശലക്ഷം ഡോളറിന്‍െറ കരാറിലൊപ്പിട്ടിരുന്നു. നാല് സീസണുകളില്‍ ഖത്തറിന്‍െറ ഇമേജ് രാജ്യാന്തരതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കരാര്‍ ഒപ്പുവച്ചത്. ചാമ്പ്യന്‍സ് ലീഗ് മൂന്ന് തവണ സ്വന്തമാക്കിയ ഇന്‍റര്‍മിലാന്‍ ഖത്തറില്‍ ആദ്യമായാണ് മത്സരിക്കാനിറങ്ങുന്നത്. രണ്ടു ക്ളബുകളിലും ലോകത്തിലെ മുന്‍നിര താരങ്ങളാണ് ബൂട്ടണിയുക. ആഭ്യന്തര ലീഗുകളില്‍ മികച്ച പ്രകടനം നടത്തുന്ന ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ നല്ളൊരു മത്സരം തന്നെ ഖത്തറിലെ കാണികള്‍ക്ക് പ്രതീക്ഷിക്കാമെന്ന് ക്യു.എഫ്.എ സി.ഇ.ഒ മന്‍സൂര്‍ അല്‍ അന്‍സാരി പറഞ്ഞു. 2016 ലെ എ.എഫ്.സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരീക്ഷണമായാണ് സൗഹൃദ മത്സരത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ എഫ്.സി ബാഴ്സലോണ ഖത്തറില്‍ സൗഹൃദമത്സരം കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഫെബ്രുവരിയില്‍ ഖത്തറില്‍ നടത്താനിരുന്ന എഫ്.സി ബാഴ്സലോണയുടെ സൗഹൃദ മല്‍സരം ഉപേക്ഷിച്ചിരുന്നു. ടീമിന്‍െറ തിരക്കിട്ട ഷെഡ്യൂള്‍ കാരണമാണ് മത്സരം ഒഴിവാക്കിയതെന്ന് ബാഴ്സലോണ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. 2016 അവസാനിക്കും മുമ്പ് പ്രസ്തുത മല്‍സരം നടക്കുമെന്നും ബാഴ്സലോണ അറിയിച്ചിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.