തൊഴില്‍ പരാതികള്‍ ഗൗരവത്തോടെ കാണും -തൊഴില്‍ മന്ത്രി

ദോഹ: ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ഏതൊരു പരാതിയേയും ഖത്തര്‍ ഭരണകൂടം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ കാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫി പറഞ്ഞു. രാജ്യത്ത് ദ്രുതഗതിയില്‍ വര്‍ധിച്ചുവരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം തൊഴില്‍മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനീവയില്‍ നടന്ന 103-ാമത് ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് തൊഴിലാളികള്‍ ചൂഷണത്തിനിരയാവുന്നതായി സമ്മേളന പ്രതിനിധികള്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, മന്ത്രി ഇത് നിഷേധിച്ചു. നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച 1930 (29) നിയമത്തിലെയും, തൊഴില്‍ സാഹചര്യങ്ങളിലെ ഒൗദ്യോഗിക പരിശോധനകള്‍ സംബന്ധിച്ച 1947 (81) നിയമത്തിലെയും വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഖത്തര്‍ അമാന്തം കാണിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ അസത്യവും നീതീകരണമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ളെന്നും മറിച്ച് ഇവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ഗവണ്‍മെന്‍റ് കൈക്കൊള്ളുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് നവംബര്‍ രണ്ട് മുതല്‍ ആരംഭിച്ച വേതന സുരക്ഷാ സമ്പ്രദായം. നിലവിലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ വര്‍ഷം ഇത് നടപ്പിലാക്കിയത്. പദ്ധതിപ്രകാരം തൊഴിലുടമ തൊഴിലാളിയുടെ വേതനം നേരിട്ട് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ബാധ്യസ്ഥനാണ്. രാജ്യത്തെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് ഈ നിയമം കൊണ്ടുവന്നത്. ഇതിന്‍െറ ഭാഗമായി 11,500ഓളം സ്ഥാപനങ്ങളില്‍ നിന്നായി ആറ് ലക്ഷത്തിലധികം തൊഴിലാളികള്‍ വേതന സംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ വന്നതായും മന്ത്രി പറഞ്ഞു. ഇതടക്കം രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി നിരവധി നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കിയ പുതിയ കുടിയേറ്റനിയമം വിദേശ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണ്. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കുന്നതാണിത്. 130 വിദേശ രാജ്യങ്ങളില്‍ നിന്നായി ലക്ഷകണക്കിന് വിദേശികളാണ് ഖത്തറില്‍ ജോലി ചെയ്യുന്നത്. ഖത്തര്‍ ജനസംഖ്യയുടെ 85 ശതമാനത്തോളം വിദേശ തൊഴിലാളികളാണെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.