യമന്‍ യുദ്ധഭൂമിയില്‍ ഖത്തര്‍ സൈനികന്‍ കൊല്ലപ്പെട്ടു

ദോഹ: ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന ഖത്തര്‍ സൈനികന്‍ യമനില്‍ കൊല്ലപ്പെട്ടു. ഖത്തര്‍ സ്പെഷ്യല്‍ ഫോഴ്സിലെ മുഹമ്മദ് ഹാമിദ് സുലൈമാന്‍ രക്തസാക്ഷിത്വം വരിച്ചതായി വിദേശകാര്യ മന്ത്രി ഖാലിദ്  അല്‍ അത്വിയ്യയാണ് ട്വിറ്ററില്‍ അറിയിച്ചത്. എന്നാല്‍, സൈനിക ഏറ്റുമുട്ടലിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഇടപെടല്‍ ആരംഭിച്ച ശേഷം മരിക്കുന്ന ആദ്യത്തെ ഖത്തരി സൈനികനാണ് ഇദ്ദേഹം. രണ്ടു മാസം മുമ്പാണ് ഖത്തര്‍ സൈന്യം യമനിലേക്ക് തിരിച്ചത്. രണ്ടാഴ്ച മുമ്പ് ഖത്തറിന്‍െറ മറ്റൊരു സൈനികന് യമനിലെ യുദ്ധമുഖത്ത് പരിക്കേറ്റിരുന്നു. 
ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഹമദ് ബിന്‍ സാദ് അല്‍ മര്‍റി എന്ന സൈനികനാണ് അന്ന് കാലിന് പരിക്കേറ്റത്.
‘യമനില്‍ രക്സതാക്ഷികത്വം വരിച്ച രാജ്യത്തിന്‍െറ വീരപുത്രനെ മാതൃരാജ്യം അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് മുമ്പില്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കട്ടെ. കുടുംബത്തിന് ക്ഷമയും സമാധാനവും ഉണ്ടാകട്ടെ’ -വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മൃതദേഹം സൈനിക ബഹുമതികളോടെ ഇന്ന് രാവിലെ എട്ട് മണിക്ക് അബുഹമൂള്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
 സൈനിക ബറ്റാലിയന്‍െറ മുന്‍പന്തിയിലായിരുന്നു സുലൈമാന്‍െറ സ്ഥാനമെന്ന് സഹപ്രവര്‍ത്തകനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ‘യുദ്ധരംഗത്ത് മുന്നണിയിറങ്ങുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍േറത്. സ്നേഹസമ്പന്നനും ധീരനുമായിരുന്ന സുലൈമാന്‍ തന്‍െറ ജോലിയില്‍ സ്വയം സമര്‍പ്പിക്കുന്ന കൂട്ടത്തിലായിരുന്നു’ -സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ധീരസൈനികന്‍െറ രക്തസാക്ഷിത്വത്തില്‍ അനുശോചമറിയിച്ച് നിരവധി സ്വദേശികളും ഖത്തര്‍ നിവാസികളും രംഗത്തത്തെി. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിരവധി സന്ദേശങ്ങള്‍ അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ നിറഞ്ഞതായിരുന്നു. 
സ്ഥാഭ്രഷ്ടനാക്കപ്പെട്ട യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന പോരാളികളും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുമായും ചേര്‍ന്നാണ് ഖത്തര്‍ സൈനികര്‍ യമനില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്നത്. 
വിമതര്‍ക്കെതിരെ ഇവരുടെ യോജിച്ചുള്ള ആക്രമണം കൂടുതല്‍ രൂക്ഷമായ അവസരത്തിലാണ് ഖത്തര്‍ സൈന്യത്തിന് ആളാപയം സംഭവിച്ചത്. ‘ഓപ്പറേഷന്‍ ഡെസീവ് സ്റ്റോം’ എന്ന പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തില്‍ ഖത്തറിനും സൗദിക്കും പുറമെ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും അണിചേരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സംഖ്യകക്ഷികളുമൊത്തുള്ള വ്യോമാക്രമണത്തിലും ഖത്തര്‍ സൈന്യത്തിന്‍െറ 10ഓളം ജെറ്റ് യുദ്ധവിമാനങ്ങള്‍ പങ്കാളികളായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.