ദോഹ: ഖത്തറില്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ മലയാളികള്‍ അടക്കമുള്ള ക്രിസ്ത്രീയ സമൂഹം ഒരുങ്ങി. അബൂഹമൂറിലെ വിവിധ ചര്‍ച്ചുകളില്‍ ഇന്നും നാളെയുമായി പ്രത്യേക ക്രിസ്മസ് പ്രാര്‍ഥനകളും കുര്‍ബാനയും നടക്കും. വിവിധ സമയങ്ങളില്‍ നടക്കുന്ന പ്രാര്‍ഥനകളില്‍ വ്യത്യസ്ത ദേശക്കാരായ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അവര്‍ ലേഡി ഓഫ് ദ റോസറി ചര്‍ച്ചില്‍ വിവിധ ഭാഷകളിലുളള ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിക്കും. ഇറ്റാലിയന്‍, സ്പാനിഷ്, അറബിക്, ഫ്രഞ്ച് തമിഴ് തുടങ്ങിയ ഭാഷകളില്‍ ശുശ്രൂഷ നടക്കും. നാളെ രാവിലെ ആറ് മണി മുതല്‍ വിവിധ ഭാഷകളിലുളള കുര്‍ബാനയും നടക്കും.
ഖത്തറിലെ മലയാളി സമൂഹത്തിനായുളള ക്രിസ്മസ് പ്രാര്‍ഥനകള്‍ക്ക് ഇന്ന് വൈകുന്നേരം 6.30 ന് തുടക്കമാകും. സെന്‍റ് തോമസ് സീറോ മലബാര്‍ പളളിയില്‍ ക്രിസ്മസ് ശുശ്രൂഷ വൈകുന്നേരം 6.30നും 9.30 നടക്കും. നാളെ രാവിലെ എട്ടിനും വൈകുന്നേരം നാലുമണിക്കുമാണ് കുര്‍ബാന നടക്കുക. മലങ്കര ഓര്‍ത്തഡോക്സ് പളളിയില്‍ നാളെ പുലര്‍ച്ചെ നാലരക്കാണ് ശുശ്രൂഷ നടക്കുക. സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ മാത്യൂസ് മാര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പളളിയില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപൊലീത്ത ശുശ്രൂഷക്ക് നേതൃത്വം നല്‍കും. നാളെ രാവിലെ 7.30 നാണ് കുര്‍ബാന. സെന്‍റ് തോമസ് സി.എസ്.ഐ പളളി, സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പളളി, സെന്‍റ് ജെയിംസ് യാക്കോബായ പളളി എന്നിവടങ്ങളിലും ഇന്നും നാളെയുമായി ക്രിസ്മസ് ശുശ്രൂഷകളും കുര്‍ബാനയും നടക്കും.
ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണിയും ഒരുങ്ങി. ക്രിസ്മസ് ട്രീ, കേക്കുകള്‍ തുടങ്ങി താറാവ് വരെ വിപണയില്‍ ലഭ്യമാണ്. ഈ വര്‍ഷത്തെ ക്രിസ്മസ് അവധി ദിനത്തിലായതിനാല്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടും. രാജ്യത്തെ വിവിധ മാളുകളും മറ്റ് കച്ചവട സ്ഥാപനങ്ങളും പ്രത്യേക ക്രിസ്മസ് വിഭവങ്ങളും ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ക്രിസ്മസ് കേക്കുകള്‍ക്കായി പ്രത്യേക കൗണ്ടര്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളുമായാണ് മിക്ക മാളുകളും കേക്ക് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയുമായി കേക്കുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രധാനബേക്കറികള്‍ കേക്കുകള്‍ക്കായി മുന്‍കൂര്‍ ഓര്‍ഡറും എടുക്കുന്നുണ്ട്. ചെറിയ പടക്കങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടുന്ന സമ്മാന പൊതികളും ക്രിസ്മസ് വിപണിയില്‍ ലഭ്യമാണ്. ക്രിസ്മസ് വെളളിയാഴ്ച്ചയായതിനാല്‍ സുഹൃത്തുക്കളെയും മറ്റും വീട്ടില്‍ വിളിച്ച് ആഘോഷം കേമമാക്കാനുളള തയ്യാറെടുപ്പിലാണ് കുടുംബങ്ങള്‍. പ്രവാസലോകത്തെ ഏത് ആഘോഷങ്ങളും പോലെ ക്രിസ്മസ് കഴിഞ്ഞാലും വിവിധ സംഘടനകളുടെ ആഘോഷങ്ങള്‍ മാസങ്ങള്‍ നീണ്ടിനില്‍ക്കും. ഈ വര്‍ഷം കനത്ത സുരക്ഷയാണ് അബൂഹമൂറിലെ ചര്‍ച്ച് കോംപ്ളക്സിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് ശേഷമാണ് ആളുകളെ പളളിയിലേക്ക് കടത്തിവിടുന്നത്.
അതുകൊണ്ടുതന്നെ പ്രാര്‍ഥന സമയത്തിന് കുറഞ്ഞത് അരമണിക്കൂര്‍ മുമ്പെങ്കിലും എത്തുന്നവര്‍ക്ക് മാത്രമേ പ്രാര്‍ഥനകളില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കുകയുളളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.