ദോഹ: യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ വിമാനങ്ങളിലില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഖത്തര്‍ എയര്‍വെയ്സും ഉരീദു മൊബൈല്‍ നെറ്റ്വര്‍ക്കും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഉരീദുവിന് വേണ്ടി സി.ഇ.ഒ വലീദ് അല്‍ സൈദും ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ ബാകിറും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടെ, ഉപഭോക്താക്കള്‍ക്ക് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിമാനത്തിലിരുന്നും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാനാകും. മൂന്ന് വര്‍ഷത്തേക്കാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഖത്തര്‍ എയര്‍വെയ്സിന്‍െറ എല്ലാ വിമാനങ്ങളിലും ഇനി യാത്രക്കാര്‍ക്ക് വൈഫൈ സേവനം നല്‍കുന്നത് ഉരീദുവായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുകയാണ് ലക്ഷ്യമെന്നും പുതിയ സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കളുമായി ഏറ്റവും നല്ല ബന്ധം സ്ഥാപിക്കാനാകുമെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ലോകത്തിലെവിടെയായിരുന്നാലും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും നെറ്റ്വര്‍ക്കും ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ആകാശത്തില്‍ നിന്നും മികച്ച സേവനം ലഭ്യമാക്കുകയാണ് ഖത്തര്‍ എയര്‍വേയ്സിനൊപ്പം ചേര്‍ന്നുള്ള പദ്ധതിയെന്നും സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഏറ്റവും നല്ല സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലാണെന്നും ഖത്തര്‍ എയര്‍വെയ്സുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉരീദു സി.ഇ.ഒ വലിദ് പറഞ്ഞു.
വിമാനത്തില്‍ കയറിയത് മുതല്‍ ആദ്യത്തെ 15 മിനുട്ട് യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുമെന്നും തുടര്‍ന്ന് തങ്ങളുടെ ബാക്കിയുള്ള സമയം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് നെറ്റ് ഉപയോഗിക്കാമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റ് ലഭ്യതയെ സംബന്ധിച്ച് വിമാനത്തില്‍ പ്രത്യേക അറിയിപ്പുമുണ്ടാകും. ഖത്തര്‍ എയര്‍വെയ്സിന്‍െറ എ 380, എ 350, ബി 787, എ 319 എന്നിവയിലും തെരെഞ്ഞെടുത്ത എ 320, എ 330 വിമാനങ്ങളിലും ഇത് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.