വിധിക്കെതിരെ ആഗോള പ്രതിഷേധം

ദോഹ: അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരെ തടവുശിക്ഷക്ക് വിധിച്ച ഈജിപ്ഷ്യന്‍ കോടതിവിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈജിപ്ഷ്യന്‍ കോടതിവിധിയില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. 
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ കോടതി വിധി അങ്ങേയറ്റം പ്രയാസം സൃഷ്ടിക്കുന്നതാണെന്നും ഈജിപ്തിലെ മാധ്യമപ്രവര്‍ത്തകരുടെ മേല്‍ തങ്ങളുടെ ജോലികളില്‍ അമിത സമ്മര്‍ദ്ദത്തിന് കോടതിവിധി കാരണമാകുമെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈ കമ്മീഷന്‍ വക്താവ് പറഞ്ഞു. ഈജിപ്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനേറ്റ തിരിച്ചടിയാണ് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ കോടതിവിധിയെന്നായിരുന്നു യൂറോപ്യന്‍ യൂനിയന്‍െറ പ്രതികരണം. 
തങ്ങളുടെ പൗരനായ മുഹമ്മദ് ഫഹ്മിയെ ഉടന്‍ നിരുപാധികം മോചിപ്പിക്കണമെന്ന് കാനഡ വിദേശകാര്യമന്ത്രാലയം ആശ്യപ്പെട്ടു. കോടതി വിധിയില്‍ തങ്ങള്‍ നിരാശരാണെന്നും ഈജിപ്തിലെ നിയമവാഴ്ചയിലുള്ള ആത്മവിശ്വാസത്തെ അട്ടിമറിക്കുന്നതാണിതെന്നും കനേഡിയന്‍ വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈജിപ്ഷ്യന്‍ കോടതിവിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ജുലിയ ബിഷപ് പറഞ്ഞു. പീറ്റര്‍ ഗ്രെസ്റ്റിന്‍െറ നിരപരാധിത്വം തെളിയിക്കുന്നതിനായി പരിശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കോടതിവിധി പ്രഹസനവും പരിഹാസവുമാണെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. ഈജിപ്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ മരണമണിയാണ് വിധിയിലൂടെ മുഴങ്ങുന്നതെന്നും ആംനസ്റ്റി ഇന്‍്റര്‍നാഷണല്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്‍റ് നോര്‍ത്ത് ആഫ്രിക്ക വ്യക്തമാക്കി. ഈജിപ്ഷ്യന്‍ കോടതിവിധിക്കെതിരെ അപ്പീല്‍ പോകുമെന്നും കോടതി രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.