നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം -അല്‍ ജസീറ

ദോഹ: തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ തടവ് ശിക്ഷക്ക് വിധിച്ച ഈജിപ്ത് കോടതി വിധിയെ അല്‍ ജസീറ ചാനല്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. യുക്തിയെയും സാമാന്യബുദ്ധിയെയും വെല്ലുവിളിക്കുന്നതാണ് കോടതി വിധിയെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫാ സവാഖ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകരെ ജയലിലടക്കാനുള്ള ഉത്തരവ് മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള പ്രത്യക്ഷമായ കടന്നുകയറ്റവും തികഞ്ഞ അതിക്രമവുമാണ്. 
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരായ പീറ്റര്‍ ഗ്രെസ്റ്റ്, ബാഹിര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി എന്നിവര്‍ക്കെതിരായ കേസുകളും അതിനെതുടര്‍ന്നുണ്ടായ നടപടികളും  തികച്ചും രാഷ്ട്രീയപ്രേരിതമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ സാഹചര്യം അവരുടെ വിചാരണയിലുണ്ടായിട്ടില്ല. അവര്‍ ഒരു ഭീകര സംഘടനയെയും സഹായിച്ചതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ വിരോധത്താല്‍ കെട്ടിച്ചമച്ച കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ഏറെക്കാലം നീണ്ടുനിന്ന വിചാരണയില്‍ ഇവയൊന്നും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിട്ടില്ല. ഈജിപ്ത് കോടതി നിയോഗിച്ച സാങ്കേതിക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പബ്ളിക് പ്രോസിക്യൂട്ടറുടെ വാദങ്ങളും പരസ്പരവിരുദ്ധമാണ്. കണ്ടുകെട്ടിയ വീഡിയോ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതല്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. തെളിവുകളൊന്നുമില്ലാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിധി പ്രസ്താവിച്ചിരിക്കുന്നത്.
മാധ്യമ സ്വതന്ത്ര്യത്തിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഈജിപ്ഷ്യന്‍ കോടതി വിധി. ഈജിപ്തിന്‍െറ നീതിന്യായ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മാധ്യമപ്രവര്‍ത്തനത്തിന്‍െറ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നതിന് പകരം രാഷ്ട്രീയ ലാഭങ്ങള്‍ക്കായി സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തിരിക്കുകയാണെന്നും ഡോ. മുസ്തഫ സവാഖ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മോചനത്തിനായി ഏതറ്റം വരെയും പോരാടുമെന്നും ലോകത്തിന്‍െറ ഓരോ മുക്കുമൂലകളിലും ഇവര്‍ക്കായി ശബ്ദമുയര്‍ത്തുന്നതിന് ലോകനേതാക്കളും  മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും പൊതുജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കണം. ബാഹിറും ഫഹ്മിയും ഗ്രെസ്റ്റമടക്കം തങ്ങളുടെ ആറ് സഹപ്രവര്‍ത്തകരും നിരുപാധികമായി മോചിപ്പിക്കപ്പെടുന്നത് വരെ ഇനി വിശ്രമില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം മാധ്യമപ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമല്ളെന്ന് പറഞ്ഞാണ് പ്രതികരണം അവസാനിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.