അഗ്നിബാധയില്‍ എല്ലാം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കള്‍ച്ചറല്‍ ഫോറം വസ്ത്രങ്ങള്‍ നല്‍കി

ദോഹ: സൈലിയ്യയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ സര്‍വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ വസ്ത്രങ്ങള്‍ നല്‍കി. ഏതാണ്ട് നാനൂറോളം തൊഴിലാളികള്‍ക്കാണ് വസ്ത്രങ്ങള്‍ നല്‍കിയത്. അഗ്നിബാധയില്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കള്‍ച്ചറല്‍ ഫോറത്തിന്‍െറ സഹായം ഏറെ ആശ്വാസമായി. വിവരമറിഞ്ഞയുടന്‍ തന്നെ കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അടിയന്തിര യോഗം ചേരുകയും തൊഴിലാളികള്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വസ്ത്രങ്ങള്‍ക്കായി  സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ സഹായാഭ്യര്‍ഥനക്ക് വമ്പിച്ച പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. നിരവധി ആളുകള്‍ ഹിലാലിലെ കള്‍ച്ചറല്‍ ഫോറം ഓഫീസില്‍ വസ്ത്രങ്ങളുമായി എത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ശേഖരിച്ചുതുടങ്ങിയ വസ്ത്രങ്ങളുമായി കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ വെളളിയാഴ്ച്ച രാവിലെ  പിക്കപ്പില്‍ സൈലിയ്യ ക്യാമ്പിലത്തെിച്ചാണ് വിതരണം ചെയ്തത്. കള്‍ചറല്‍ ഫോറം വൈസ്പ്രസിഡന്‍റ് റോഷല്‍ ഗംഗാധര്‍ വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു. പാന്‍റ്സ്, ഷര്‍ട്ട്, ടീഷര്‍ട്ട്, ബെഡ്ഷീറ്റ് തുടങ്ങിയവയാണ് വിതരണം ചെയ്തത്.
അഗ്നിബാധയില്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഏതാണ്ട് എല്ലാ വസ്തുക്കളും തൊളിലാളികള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അവര്‍ക്കുവേണ്ട താല്‍ക്കാലിക താമസ സൗകര്യവും ഭക്ഷണവും കമ്പനി തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട തങ്ങള്‍ക്ക് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ നല്‍കിയ വസ്ത്രങ്ങള്‍ ഏറെ സഹായകമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലില്‍ കമ്പനി അധികൃതരം സന്തോഷം പ്രകടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് കള്‍ചറല്‍ ഫോറം വൈസ്പ്രസിഡന്‍റും ജനസേവന വിഭാഗം കണ്‍വീനറുമായി റോഷല്‍ ഗംഗാധര്‍ മടപ്പൊരക്കല്‍, കോ ഓഡിനേറ്റര്‍മാരായ മുഹമ്മദ് കുഞ്ഞി, സുന്ദരന്‍ തിരുവനന്തപുരം, സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഗഫൂര്‍, പ്രവര്‍ത്തകരായ സലാം , മുഹമ്മദലി, ബാബു, അലി, ഫാസില്‍, റാഫി, നിസാര്‍, മന്‍സൂര്‍, ഖാദര്‍, നഈം, സാജിദ്, അഡ്വ. മൊയീന്‍, സിദ്ധീഖ് തുടങ്ങിവര്‍ നേതൃത്വം നല്‍കി. ജീവകാരുണ്യ രംഗത്ത് കള്‍ചറല്‍ ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും സംഘടന നടത്തുന്ന അഭ്യര്‍ഥനകള്‍ക്ക് വമ്പിച്ച പിന്തുണയാണ് ഖത്തിലെ പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ലഭിക്കുന്നതെന്നും ജനസേവന വിഭാഗം കണ്‍വീനര്‍ റോഷല്‍ ഗംഗാധര്‍ പറഞ്ഞു. ഈയിടെ ഉണ്ടായ ഇത്തരം ദുരന്തങ്ങളിലെല്ലാം സഹായം എത്തിക്കാന്‍ കള്‍ച്ചറല്‍ ഫോറത്തിന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.