ദോഹ: ജൂൺ മാസത്തിൽ 18,000ത്തിലധികം തൊഴിൽ അപേക്ഷകൾ ലഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രതിമാസ ബുള്ളറ്റിനിലാണ് കഴിഞ്ഞ മാസത്തെ റിക്രൂട്ട്മെന്റ് അപേക്ഷകളെ കുറിച്ച് വ്യക്തമാക്കിയത്. അപേക്ഷകളിൽ 10,935 എണ്ണമാണ് പരിഗണിച്ചത്. 7,092 എണ്ണം നിരസിക്കപ്പെട്ടു.
തൊഴിൽ പദവി മാറ്റങ്ങൾക്കായി അധികാരികൾക്ക് ലഭിച്ച 3,303 അപേക്ഷകൾ അവലോകനം ചെയ്തപ്പോൾ 3,262 എണ്ണവും അംഗീകരിച്ചു. 41 പേരുടെ അപേക്ഷകൾ മാത്രം കൃത്യമായ കാരണത്താൽ നിരസിക്കപ്പെട്ടു. ജൂണിൽ മന്ത്രാലയത്തിന് ആകെ 929 വർക്ക് പെർമിറ്റ് അപേക്ഷകളാണ് ലഭിച്ചത്. അതിൽ 600 എണ്ണം പുതുക്കൽ അഭ്യർഥനകളും 56 പുതിയ അപേക്ഷകളും 273 നിലവിലുള്ള പെർമിറ്റുകൾ റദ്ദാക്കലും ആയിരുന്നു.
ഈയിടെ മന്ത്രാലയത്തിന്റെ തൊഴിൽ പരിശോധനാ വിഭാഗം 152 ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകൾ പരിശോധനാ വിധേയമാക്കി. നാല് ലംഘനങ്ങൾ ആണ് കണ്ടെത്തിയത്. ഒരു ഓഫിസിന് ലംഘനമൊഴിവാക്കാൻ നോട്ടീസ് നൽകി. മൊത്തം വിവിധ സ്ഥാപനങ്ങളിലേക്ക് 4,472 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ തൊഴിൽ ചട്ടങ്ങൾ പാലിക്കാത്ത 522 കമ്പനികൾക്ക് ലംഘന മുന്നറിയിപ്പ് നൽകി. 50 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. തൊഴിലുടമകൾക്കെതിരെ 2,210 പരാതികൾ തൊഴിലാളികളിൽ നിന്ന് മന്ത്രാലയത്തിന് കീഴിലെ ലേബർ റിലേഷൻസ് വിഭാഗം സ്വീകരിച്ചു. 546 എണ്ണം പരിഹരിച്ചു.
46 എണ്ണം തൊഴിൽ തർക്ക പരിഹാര സമിതിയിലേക്ക് മാറ്റി. 1,659 പരാതികൾ അവലോകനത്തിലാണ്. പൊതുജനങ്ങളിൽ നിന്ന് 111 പരാതികൾ ലഭിച്ചു. അവയെല്ലാം പരിഹരിച്ചുവെന്നും മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.