തിരുവനന്തപുരത്ത് നടന്ന ലോകകേരള സഭയുടെ അഞ്ചാം സമ്മേളനത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രവാസി വെൽെഫയർ ബോർഡ് ഡയറക്ടറും ലോകകേരള സഭാംഗവുമായ വിൽസൺ ജോർജ്
ജനുവരി 29ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തോടെയാണ് അഞ്ചാം ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കംകുറിച്ചത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 500ലധികം കേരളീയ പ്രവാസി പ്രതിനിധികളുടെയും ബഹുമാനപ്പെട്ട സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, എംപിമാർ എന്നിവരടക്കമുള്ള പ്രമുഖരുടെയും പങ്കാളിത്തത്തിലായിരുന്നു നിയമസഭയിൽ സമ്മേളനം നടന്നത്.
ജനുവരി 30നും 31നും നടന്ന പ്രതിനിധി സമ്മേളനത്തിൽ സജീവമായ ചർച്ചകളും അതിലൂടെ വിലപ്പെട്ട നിർദേശങ്ങളും ഉയർന്നുവന്നു. പ്രവാസവുമായി ബന്ധപ്പെട്ട എട്ടു പ്രധാന വിഷയങ്ങളിൽ ഊന്നിയ ചർച്ചകളും 125 രാജ്യങ്ങളെ ഏഴു മേഖലകളാക്കി തിരിച്ചുകൊണ്ട്, മേഖലകളുടെ പ്രത്യേക സവിശേഷതകളും സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുള്ള മേഖലാ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
കുടിയേറ്റം, തൊഴിൽ, കരാർ...
വിദേശ തൊഴിലവസരങ്ങൾ, സുരക്ഷിത കുടിയേറ്റം, മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവ തൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ, വിദ്യാർഥി കുടിയേറ്റത്തിന്റെ ഭാവിയും വെല്ലുവിളികളും, സ്ത്രീ കുടിയേറ്റത്തിന്റെ പുതിയ പ്രവണതകൾ, പ്രവാസി നിക്ഷേപം, സംരംഭകത്വം, പുതുതലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും, പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികൾ/സാമ്പത്തിക മാതൃകകൾ, കേരളീയ കലാ സാഹിത്യഭാഷ പ്രചരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്നിവയെല്ലാം വിഷയാധിഷ്ഠിത ചർച്ചകളിൽ പരിശോധിക്കപ്പെടുകയും ക്രിയാത്മകമായ നിരവധി നിർദേശങ്ങൾ സമ്മേളന പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉയർന്നുവരികയും ചെയ്തു.
പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇതര ഏഷ്യൻ രാജ്യങ്ങൾ, പസഫിക് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്ക, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നിങ്ങനെ ഏഴു മേഖലകളിൽ, ആ മേഖലകളുടെ സാഹചര്യങ്ങളും സാധ്യതകളും വിശദമായി വിശകലനം ചെയ്ത്, ഈ മേഖലകളിലെ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ട നിർദേശങ്ങളും പ്രവാസികൾ കേരള വികസനത്തിന് നൽകാൻ കഴിയുന്ന സംഭാവനകളും സമ്മേളനം ചർച്ച ചെയ്തു.
ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, ലോക തൊഴിലാളി സംഘടന എന്നീ സംഘടനകൾ രാജ്യങ്ങൾ തമ്മിൽ താൽകാലിക കുടിയേറ്റ കരാറുകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. ആറുമാസം മുതൽ അഞ്ചു വർഷം വരെയുള്ള തൊഴിൽ കരാറുകൾ രാജ്യങ്ങൾ തമ്മിൽ രൂപപ്പെടുത്തുക വഴി നിയമപരമായ കുടിയേറ്റം വർധിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ടത്. ഇന്ത്യൻ സാഹചര്യത്തിൽ ശക്തമായ കുടിയേറ്റ നിയമത്തിന്റെ അഭാവം ഒരു പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നുവെന്ന് അഭിപ്രായങ്ങളുർന്നു.
പ്രവാസി ക്ഷേമം
പ്രവാസി ക്ഷേമത്തിനായി നിരവധി നിർദേശങ്ങളാണ് പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നത്. സുരക്ഷിതമായ കുടിയേറ്റം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ചർച്ച ചെയ്തു. അനധികൃത റിക്രൂട്ട്മെന്റ്, തൊഴിൽ തട്ടിപ്പുകൾ, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ ഗുരുതരമായി തുടരുന്നു. 2024ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായാണ് കണക്ക്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊതുബോധം ഉയർത്താൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളികൾ നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ വിശദമായ ചർച്ചകൾക്ക് വിധേയമാക്കി. നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എടുത്തുപറഞ്ഞു.
പ്രവാസികളുടെ യാത്ര പ്രശ്നം, പ്രത്യേകിച്ച് എയർ ഇന്ത്യ സ്വകാര്യവൽകരിച്ചതിനുശേഷമുള്ള സാഹചര്യങ്ങൾ ഉൾപ്പെടെ ഇത്തവണയും ചർച്ചകൾക്കും പരാതികൾക്കും വിഷയമായി വന്നു. മുൻ ലോകകേരള സഭയിലുയർന്നു വന്ന, പ്രവാസികൾക്ക്രു സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് എന്ന ആവശ്യം ഇന്ന് നോർക്ക കെയർ എന്ന സംവിധാനമായി നിലവിൽ വന്നതിനെ പ്രധിനിധികൾ സ്വാഗതം ചെയ്തു. മടങ്ങിവന്ന പ്രവാസികളെയും ഉൾപ്പെടുത്തുക എന്നതുൾപ്പെടെ പല അനുബന്ധ നിർദേശങ്ങളും നോർക്ക കെയറുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉയർന്നു വന്നു. തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനർ സംയോജനത്തിനുമായി പ്രവാസി മിഷൻ സജീവമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
മാറുന്ന പ്രവാസ ചിത്രം
പ്രവാസലോകത്ത് നിന്ന് ആർജിച്ചെടുത്ത അനുഭവ പരിചയവും സമ്പത്തും കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്താനുള്ള നിരവധി നിർദേശങ്ങൾ സമ്മേളനത്തിലുയർന്നുവന്നു. കേരളത്തിന്റെ പശ്ചാത്തല വികസനം, ഉന്നത വിദ്യാഭ്യാസ മേഖല, ഉൽപാദനം, ഭക്ഷ്യ സംസ്കരണം എന്നിങ്ങനെ പ്രവാസികൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന മേഖലകൾ നിരവധിയാണ്. സഭയിലുയർന്ന ക്രിയാത്മകമായ നിർദേശങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നു കേരള സർക്കാർ അറിയിച്ചു. പ്രവാസത്തിന്റെ മാറുന്ന സ്വഭാവം തിരിച്ചറിയേണ്ടതും , മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനത്തിലും പരിശീലനത്തിലും വരുത്തേണ്ട മാറ്റങ്ങളും പ്രവാസത്തിന്റെ നിലനിൽപിന് വളരെ പ്രധാനപ്പെട്ടതാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളും, അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയുമെല്ലാം ചേർന്ന് പ്രവാസത്തിന്റെ ഭാവിയെ അനിശ്ചിതവും കൂടുതൽ സങ്കീർണവും ആക്കിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ പ്രവാസം ചെലുത്തിയിട്ടുള്ള നിർണായകമായ പങ്ക് നിലനിർത്തണമെങ്കിൽ ബോധപൂർവമായ പഠനവും കാര്യക്ഷമമായ ഇടപെടലുകളും അനിവാര്യമാണെന്ന് ചർച്ചകളിൽ മുഴങ്ങിക്കേട്ടു.
വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ, യൂനിവേഴ്സിറ്റികൾ സംബന്ധിച്ച് വിവരങ്ങൾ, കോഴ്സുകൾ, സ്കോളർഷിപ്പുകൾ ഇവയെല്ലാം വ്യക്തമാക്കുന്ന ലോക നോർക്ക സ്റ്റുഡൻസ് മൈഗ്രേഷൻ പോർട്ടൽ ഉൾപ്പെടെ എയർപോർട്ട് ഹെൽപ് ഡെസ്ക്, ഷേർപ്പാ പോർട്ടൽ, ലോകകേരളം ഓൺലൈൻ എന്നീ സേവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നാലാം ലോക കേരള സഭയിലുയർന്നുവന്ന നിർദേശങ്ങളും അവ നടപ്പാക്കുന്നതിലെ പുരോഗതിയും മുഖ്യമന്ത്രി വിശദീകരിച്ചു. അഞ്ചാം സഭയിൽ ഉയർന്ന നിർദേശങ്ങൾ പരിശോധിക്കുന്നതിനായി 21 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ സഭ ചുമതലപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ഞാൻ ലോകകേരളസഭയിൽ പങ്കെടുക്കുന്നത്.
സങ്കീർണമായ പ്രവാസലോകത്തെ വെല്ലുവിളികൾ അതിന്റെ സമഗ്രതയിൽ ചർച്ചചെയ്യുന്നതിലും പരിഹാര നിർദേശങ്ങൾ തേടുന്നതിലും ക്രിയാത്മകമായ പങ്കുവഹിക്കുന്ന വേദി എന്ന നിലയിൽ ലോകകേരളസഭയെ പ്രവാസലോകം ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.