ലോക പരിസ്ഥിതി ദിനം: ഗുബ്ര ബീച്ചിൽ ശുചീകരണ യജ്ഞവുമായി ഒമാൻ പ്രവാസി അസോസിയേഷൻ

മസ്കത്ത്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഗുബ്ര ബീച്ചിൽ വിപുലമായ ബീച്ച് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

രാവിലെ 5.30ന് ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സ്വദേശികളും വിദേശികളുമായ സന്നദ്ധ പ്രവർത്തകരുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ബീച്ചിലും സമീപ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, പേപ്പർ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വിവിധ വസ്തുക്കൾ തുടങ്ങിയവ ശേഖരിച്ച് പരിസരം വൃത്തിയാക്കി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പരിസ്ഥിതിക്കും സമുദ്ര ജീവികൾക്കും ഉണ്ടാക്കുന്ന ദോഷ ഫലങ്ങളെക്കുറിച്ച് പങ്കെടുത്തവർക്ക് ബോധവൽക്കരണവും നടത്തി. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി മുനിസിപ്പാലിറ്റിക്ക് കൈമാറി.

 

ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഒമാൻ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിജി തോമസിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി -ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു. ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ ലീഗൽ അഡ്വൈസറായ അഡ്വ. മധുസൂദനൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ സമീപനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ ഡോ. സജീ ഉതുപ്പാൻ പഠന ക്ലാസിന് നേതൃത്വം നൽകി. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മലിനീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഹരിത ജീവിത ശൈലിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ ഭാവി തലമുറക്ക് സുരക്ഷിതമായ ലോകം സമ്മാനിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി നൂറുദ്ദീൻ സ്വാഗതവും ട്രഷറർ ബിജു അത്തിക്കയം നന്ദിയും പറഞ്ഞു.

Tags:    
News Summary - World Environment Day: Oman Expatriate Association holds clean-up drive at Gubra Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.