മസ്കത്ത്: രാജ്യത്ത് 2019ൽ 2307 അർബുദ ബാധിതരാണുണ്ടായിരുന്നതെന്ന് കണക്കുകൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ രോഗം പുതുതായി ബാധിച്ചവരുടെ എണ്ണമാണിത്. ലോക അർബുദ ദിനത്തിന്റെ ഭാഗമായി ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
ഫെബ്രുവരി നാലിനാണ് ലോക അർബുദ ദിനമായി ആചരിക്കുന്നത്. അർബുദത്തിനെതിരെ ബോധവത്കരണം വർധിപ്പിക്കാനും ആളുകൾ അർബുദം മൂലം മരിക്കുന്നത് തടയുകയുമാണ് അർബുദദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ഒമാനിലെ ആശുപത്രികളിൽ മൂന്നാമത്തെ പ്രധാന മരണ കാരണം കൂടിയാണ് അർബുദം. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. 2019ൽ 1,158 സ്ത്രീകൾക്ക് രോഗം ബാധിച്ചിരുന്നു. ഇത് മൊത്തം രോഗികളുടെ 55.43 ശതമാനമാണ്.
931 പുരുഷന്മാർക്കാണ് രോഗം ബാധിച്ചത് 44.57 ശതമാനം. 14 വയസ്സിന് താഴെയുള്ള 124 കുട്ടികളിലും രോഗം കണ്ടെത്തിയിരുന്നു. ഒമാനിൽ അർബുദം കണ്ടെത്തുന്ന ശരാശരി പ്രായം 54 വയസ്സാണ്. പുരുഷന്മാരിൽ രോഗം വരുന്ന ശരാശരി പ്രായം 60 ഉം സ്ത്രീകളുടെ ശരാശരി പ്രായം 50 വയസ്സുമായിരുന്നു. രാജ്യത്ത് ഒരു ലക്ഷത്തിന് 69.6 പുരുഷന്മാർക്കും 87.9 സ്ത്രീകൾക്കുമാണ് രോഗം ബാധിച്ചത്.
അർബുദ രോഗത്തിൽ എറ്റവും കൂടുതലുള്ളത് സ്തനാർബുദമാണ്. 2019ൽ 350 സ്തനാർബുദങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 31 ശതമാനം പേരും മൂന്നും നാലും ഘട്ട രോഗികളാണ്. രണ്ടാം സ്ഥാനത്ത് തൈറോയിഡ് കാൻസറാണുള്ളത്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കാണപ്പെട്ടിരുന്നു. 1985 ലാണ് ഒമാനിൽ അർബുദരോഗികളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് 1996 മുതലാണ് ആരംഭിച്ചത്.
ഇതോടെ രാജ്യ വ്യാപകമായി അർബുദ രോഗികളുടെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ തുടങ്ങി. ഈ കണക്കെടുപ്പ് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് വളരെ കൃത്യമായാണ് സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നത്. നിലവിൽ ഈ വിവരങ്ങൾ അനുസരിച്ചാണ് ഒമാനിൽ അർബുദപഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.