മസ്‌കത്ത്: സാമ്പത്തിക പ്രതിസന്ധി മൂലം നാടണയാൻ വഴിയില്ലാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സാന്ത്വന ഹസ്തവുമായി കൂടുതൽ സുമനസുകൾ. വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്ക് തുണയാകാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷനി’ൽ പങ്കാളിയാകുമെന്ന് പ്രവാസി വ്യവസായി കെ.െഎ. അബ്ദുൽ റഹീം പറഞ്ഞു. 10 ടിക്കറ്റുകളാണ് ഇദ്ദേഹം നൽകുക.
മസ്‌കത്ത് ആസ്ഥാനമായ അൽ തയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും കൊല്ലം അഞ്ചാലുംമൂട് നീരാവിൽ സ്വദേശിയുമാണ് ഇദ്ദേഹം. സ്ക്രാപ്മെറ്റൽ എക്സ്പോർട്ടിങ്, ബിൽഡിങ് മെറ്റീരിയൽസ്, പ്രീഫാബ് വീടുകളുടെ നിർമാണം, ട്രാൻസ്പോർട്ടിങ്, കൺസ്ട്രക്ഷൻ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സാരഥിയാണ്. പ്രവാസികൾക്ക് സഹായം അത്യാവശ്യമായ സമയമാണിതെന്ന് അബ്ദുൽ റഹീം പറഞ്ഞു.
മിഷൻ വിങ്സ് ഒാഫ് കംപാഷന്‍ പുറമെ മറ്റു മാർഗങ്ങളിലൂടെയും ഇദ്ദേഹം ടിക്കറ്റുകൾ നൽകും. മഹാമാരിയുടെ കാലത്ത് നിരവധി സേവന പ്രവർത്തനങ്ങൾ അബ്ദുൽ റഹീം നടത്തുന്നുണ്ട്. ഇബാജ് ഗ്രൂപ്പിന് കീഴിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കട്ടിലുകൾ നൽകുന്നുണ്ട്. ഇതിൽ ആദ്യ ഘട്ടത്തിൽ 50 എണ്ണം കോളജിൽ എത്തിച്ചു. ലോക്ഡൗൺ ആരംഭിച്ചതു മുതൽ ദിവസവും 400ഓളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്.
കമ്പനിയുടെ ഉടമസ്ഥതയിലുള്ള അഞ്ചാലുംമൂട് ഐ മാളിൽ നിന്നാണ് ഭക്ഷണം ആളുകളിലേക്ക് എത്തിക്കുന്നത്. വരുംദിവസങ്ങളിൽ നൂറോളം നിർധന കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യും. 60ന് മുകളിൽ പ്രായമുള്ള നിർധനരായ 250 പേർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിയും ഇദ്ദേഹം നാട്ടിൽ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.