ഒമാനിലെ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾ ഇന്നും തങ്ങളുടെ ജീവിതം താങ്ങിനിർത്തുന്നത് ഓരോ മാസവും ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാലറി കട്ടിങ്, ലേറ്റ് സാലറി, ‘ഫൈനൽ സെറ്റിൽമെന്റ് ഡിലേയിങ്’ തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചുവരുന്നതായി സമൂഹത്തിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ സൂചിപ്പിക്കുന്നു. പലരും അവരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാലോ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലോ മൗനം പാലിച്ച് ഇത്തരം സാഹചര്യങ്ങൾ കടന്നു പോകുന്നു.
ഒരു തൊഴിലാളിയുടെ മാസശമ്പളം എന്നത് അക്കൗണ്ടിലെ സംഖ്യ മാത്രമല്ല. അത് നാട്ടിലെ കുടുംബത്തിന്റെ വാടകയും കുട്ടികളുടെ പഠനച്ചെലവും മരുന്നും വായ്പയും പ്രതീക്ഷകളും ചേർന്നുള്ള ജീവ നാഡിയാണ്. ആ ശമ്പളം വൈകുമ്പോൾ, അല്ലെങ്കിൽ അന്യായമായി വെട്ടിക്കുറക്കുമ്പോൾ, അതിന്റെ ആഘാതം കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെയും ബാധിക്കുന്നു.
സെറ്റിൽമെന്റിനു പിന്നിലെ അപകടം
ചില സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ഫൈനൽ സെറ്റിൽമെന്റ് ഉടൻ നൽകാതെ, ‘ഒരു വർഷത്തിനുള്ളിൽ നൽകാം’ എന്ന രീതിയിലുള്ള കരാറുകൾ തയാറാക്കപ്പെടുന്നുവെന്ന പരാതികളും ഉയരാറുണ്ട്. അതിലും ആശങ്കയുണ്ടാക്കുന്ന കാര്യം, പ്രത്യേക കരാറുകളിൽ ‘ഒരു വർഷം വരെ കേസ് കൊടുക്കില്ല, സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കില്ല’ തുടങ്ങിയ വ്യവസ്ഥകൾ എഴുതി വെക്കുന്നു. ഇത് വിശ്വസിച്ചു കാത്തിരിക്കുന്ന തൊഴിലാളി, ഒരു വർഷം കഴിഞ്ഞാൽ അവകാശവാദം ഉന്നയിക്കാനാകില്ല എന്നതുപോലെയുള്ള അപകടങ്ങൾ അറിയാതെ പോകുന്നു. ഇതിലൂടെ അവരുടെ അധ്വാനത്തിന്റെ ഫലം ഇത്തരം ചതികളിലൂടെ നഷ്ടപ്പെടുന്നു.
ഇങ്ങനെ ചതിക്കപ്പെട്ടാൽ?
അത്തരം കാര്യങ്ങളിൽ അന്തിമ വ്യാഖ്യാനം കോടതികൾക്കും അധികാരികൾക്കും മാത്രമാണുള്ളത്. തൊഴിലാളികൾ ഏതെങ്കിലും കരാറുകളിൽ ഒപ്പിടുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കം വ്യക്തമായി മനസ്സിലാക്കുകയും ബന്ധപ്പെട്ട നിയമ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ നിയമോപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭാഷ അറിയാത്തതും ജോലി നഷ്ടപ്പെടുമോ എന്ന ഭയവും താമസ രേഖകളുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം പലരും സമ്മർദത്തിൽപ്പെട്ട് ഒപ്പിടേണ്ടി വരുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്.
പല പ്രവാസികളും കരുതുന്നത്, ഒരിക്കൽ ഒപ്പിട്ടാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. പക്ഷേ തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പലപ്പോഴും കരാർ രേഖയുടെ വാക്കുകൾ മാത്രം നോക്കി തീരുന്നതല്ല. ഒരു കരാർ ഏത് സാഹചര്യത്തിലാണ് ഒപ്പിട്ടത്, അത് സ്വമേധയാ ആണോ, സമ്മർദ്ദമുണ്ടായിരുന്നോ, തൊഴിലാളിക്ക് യഥാർഥ അവകാശങ്ങൾ വിശദീകരിച്ചു നൽകിയിരുന്നോ തുടങ്ങിയവയെല്ലാം നിയമപരമായ പരിശോധനക്ക് വിധേയമാകാൻ ഇടയുള്ള കാര്യങ്ങളാണ്.
അതിനാൽ, തൊഴിലാളികൾ ഭയപ്പെടാതെ തന്നെ നിയമബോധവും ഉപദേശവും തേടുകയും ഔദ്യോഗിക മാർഗങ്ങളിലൂടെ മുന്നോട്ടു നീങ്ങേണ്ടതും നടപടികൾ കൈക്കൊള്ളേണ്ടതുമാണ്.
മൗനം പ്രശ്നം വലുതാക്കും
ഒമാൻ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അവകാശങ്ങളെക്കുറിച്ചുള്ള അവബോധക്കുറവും ഭയവും കാരണം പല പ്രശ്നങ്ങളും പുറത്തുവരാതെ പോകുന്നു. ശമ്പളം വൈകൽ, അന്യായമായി ശമ്പളം വെട്ടിക്കുറക്കൽ, സെറ്റിൽമെന്റ് തടസ്സങ്ങൾ എന്നിവയെ സാധാരണ കാര്യങ്ങൾ എന്ന രീതിയിൽ കാണുന്ന മനോഭാവം മാറേണ്ട സമയമാണിത്. പ്രവാസി സമൂഹവും സ്ഥാപനങ്ങളും ഒരുപോലെ ചിന്തിക്കേണ്ട സമയം. തൊഴിലാളികളുടെ പ്രയത്‌നമാണ് എല്ലാ മേഖലകളുടെയും നട്ടെല്ല്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ആത്മാഭിമാനവും അടിസ്ഥാന അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
അതേസമയം തന്നെ, എല്ലാ സ്ഥാപനങ്ങളെയും ഒരേ തരത്തിൽ വിലയിരുത്താനാകില്ല. നിരവധി സ്ഥാപനങ്ങൾ നിയമാനുസൃതമായും മാനുഷികമായും മികച്ച തൊഴിൽപരിസ്ഥിതി നൽകുന്നുണ്ട്. എന്നാൽ ചില തെറ്റായ പ്രവണതകൾ, മുഴുവൻ സംവിധാനത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു. അതിനാൽ നിയമബോധവും, സുതാര്യതയും, സമയബന്ധിതമായ സെറ്റിൽമെന്റ് സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.