വാദി ദർബാത്തിൽ പച്ചപുതച്ച കുന്നിൻ ചെരുവ്
സലാല: ദോഫാറിൽ സർബ് സീസൺ സജീവമാവുമ്പോൾ വിനോദസഞ്ചാരികൾക്ക് നയനമനോഹര കാഴ്ച്ചകൾ സമ്മാനിക്കുകയാണ് വാദി ദർബാത്ത്. ഖരീഫ് സീസണിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിച്ച വാദി ദർബാത്ത് സർബ് സീസണിലും സമൃദ്ധമാണ്. സർബ് സീസണെന്നാൽ താഴ്വരയിലെ വസന്തകാലമാണ്.
വാദി ദർബാത്തിലെ അരുവിയിൽനിന്ന് വെള്ളം കുടിക്കുന്ന ഒട്ടകക്കൂട്ടം
പൂക്കൾ ഇളംവെയിലിൽ വിരിഞ്ഞുനിൽക്കുന്നതും ജലാശയത്തിന്റെ അരികുപറ്റി കഴിയുന്ന ഒട്ടകങ്ങളും കുതിരകളും ദർബാത്ത് താഴ്വരയിലെ പതിവു കാഴ്ചയാണ്. സെപ്റ്റംബർ മാസത്തോടെയാണ് ‘അൽ സർബ്’ അഥവാ വസന്തകാലത്തിന്റെ ആരംഭം. ഖരീഫ് സീസണിലെ മൂടൽമഞ്ഞ് അകന്ന് ഇളം ചൂടുള്ള വെയിൽ തെളിഞ്ഞുതുടങ്ങുമ്പോൾ ദോഫാറിന്റെ സർബ് സീസണിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങുന്നു.
മേഖലയിലെ കർഷകരുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും കന്നുകാലിവളർത്തുകാരുടെയും പ്രധാന സീസൺകൂടിയാണ് സർബ്. ഖരീഫ് മഴകളിൽ ആശ്രയിച്ചുള്ള കൃഷികളുടെ വിളവെടുപ്പ് ഈ കാലത്താണ് നടക്കുക. ചോളം, പയർ, വെള്ളരി എന്നിവയാണ് പ്രധാന വിളകൾ. തേൻ ഉൽപാദനവും മത്സ്യസമൃദ്ധിയും ഈ സീസണിൽ വർധിക്കും. ലോബ്സ്റ്റർ, അയക്കൂറ, മത്തി എന്നിവ പോലുള്ള ഉയർന്ന പോഷകമൂല്യമുള്ള മത്സ്യങ്ങൾ ഇക്കാലത്ത് ലഭ്യമാണ്.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മികച്ച നിലവാരത്തിലുള്ള ‘നെയ്യ്’ ഈ സമയത്താണ് കൂടുതൽ ലഭിക്കുന്നത്. ഈ സീസണിൽ മേഞ്ഞുവളരുന്ന പശുക്കൾ നൽകുന്ന പാൽ ഗുണമേന്മയുള്ളതായിരിക്കും. ഈ പാൽ നേരിട്ടോ ചൂടാക്കിയോ ആളുകൾ ആസ്വദിക്കുന്നു. ‘അൽ മുഅദിബ്’ എന്നാണ് ഇതിന് പേര്. വിളവെടുപ്പ് സമയത്ത് കർഷകർ ‘അൽ മഖൂദ്’ എന്നപേരിൽ പരമ്പരാഗത കവിതകളും പാട്ടുകളും പാടുന്നു.
കന്നുകാലി വളർത്തുകാർ ഖരീഫ് കാലത്ത് അടച്ചിരുന്ന പ്രദേശങ്ങളിലേക്ക് സർബ് കാലത്ത് ഒട്ടകങ്ങളെ മേയാനിറക്കിത്തുടങ്ങും. ഇടയന്മാർ ‘നാനാ’, ‘ദബററാത്ത്’ എന്നറിയപ്പെടുന്ന ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഒട്ടകങ്ങളുമായി മേച്ചിൽപുറങ്ങളിൽ സഞ്ചരിക്കും.
സർബ് സീസണിൽ മലനിരകളിലെ താപനില ശരാശരി 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26 മുതൽ 28 ഡിഗ്രി വരെ ആയിരിക്കും. സർബ് കാലം ആരംഭിക്കുമ്പോൾ ഒട്ടകക്കൂട്ടങ്ങളും ഇടയന്മാരും ‘അൽ ഖത്ല’ എന്ന വാർഷിക യാത്രക്ക് പുറപ്പെടും.
വാദി നഹീസ്, വാദി ദർബത്ത്, വാടി ഗൈദാത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഒട്ടകങ്ങളെ സലാലയുടെ പാതകളിലും കടൽത്തീരങ്ങളിലും കാണാം. ഒട്ടകക്കൂട്ടങ്ങളോടൊപ്പം ഇടയന്മാർ പിക്കപ്പ് ട്രക്കുകളിലും മറ്റും സഞ്ചരിക്കും.
ഏകദേശം ഒരു മാസം നീളുന്ന ഈ യാത്രയിൽ അവർ തീറ്റ ലഭിക്കുന്ന പ്രദേശങ്ങൾ തേടി സഞ്ചരിക്കും. സെപ്റ്റംബർ അവസാനം മുതൽ ഡിസംബർ അവസാനം വരെ നീളുന്നതാണ് സർബ് സീസൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.