മസ്കത്ത്: പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾക്ക് തുടക്കമിട്ട് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും (സി.എ.എ) ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുക. ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായി.
കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏതു പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടു. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെകുറിച്ചുള്ള വിഡിയോയും ഇറക്കിയിട്ടുണ്ട്. റേഡിയോ അടക്കമുള്ള മറ്റു മാധ്യമങ്ങൾ വഴി ബോധവത്കരണവും നടത്തും.
സബ്സ്ക്രൈബർമാർക്ക് ഇത്തരം സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചില മേഖലകളിൽ സി.എ.എ വരും ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സന്ദേശങ്ങൾ അയക്കും. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നിവയുൾപ്പെടെ നിരവധി ഭാഷകളിലായിരിക്കും സന്ദേശങ്ങൾ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രത അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.