മസ്കത്ത്: ശനിയാഴ്ച ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന പെരിഹീലിയൻ ഘട്ടത്തിലെത്തും. ഈ സമയത്ത് ഭൂമിയുടെയും സൂര്യന്റെയും കേന്ദ്രങ്ങൾ തമ്മിലുള്ള അകലം ഏകദേശം 147.1 ദശലക്ഷം കിലോമീറ്റർ, അഥവാ 0.9833 ആസ്ട്രോണമിക്കൽ യൂനിറ്റ് ആയിരിക്കുമെന്ന് ഒമാനി സൊസൈറ്റി ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് ഡയറക്ടർ ബോർഡ് ഉപാധ്യക്ഷൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വ്യക്തമാക്കി അറിയിച്ചു.
ഇത് ഓരോ വർഷവും ജനുവരി ആരംഭത്തിൽ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണിത്. സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥം പൂർണ വൃത്തത്തിലല്ലാതെ ദീർഘവൃത്തത്തിലായാണ് എന്നതാണ് ഇതിനു കാരണം. ഓരോ വർഷവും ജൂലൈ ആദ്യത്തിൽ ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള അഫീലിയൻ ഘട്ടത്തിലെത്തും. അപ്പോൾ ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള അകലം ഏകദേശം 152.1 ദശലക്ഷം കിലോമീറ്റർ ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അഫീലിയനും പെരിഹീലിയനും തമ്മിലുള്ള അകല വ്യത്യാസം ഏകദേശം അഞ്ച് ദശലക്ഷം കിലോമീറ്ററാണ്.
സൂര്യനോട് ഭൂമി അടുത്താകുന്നതിന് താപനില വർധനവുമായോ ഋതുമാറ്റങ്ങളുമായോ നേരിട്ടുള്ള ബന്ധമില്ലെന്ന് അൽ മഹ്റൂഖി വ്യക്തമാക്കി. ഋതുമാറ്റത്തിന്റെ കാരണം ഭൂമിയുടെ ഭ്രമണ അക്ഷം ഏകദേശം 23.5 ഡിഗ്രി ചരിഞ്ഞിരിക്കുന്നതാണെന്നും, ഭൂമിയും സൂര്യനും തമ്മിലെ അകലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി സൂര്യനെ ചുറ്റുന്നത് നേരായ നിലയിൽ അല്ല, മറിച്ച് ചരിഞ്ഞ നിലയിലാണെന്നും, ഈ ചരിവാണ് വർഷം മുഴുവൻ സൂര്യപ്രകാശം ഭൂമിയിലെത്തുന്ന കോണിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വേനൽക്കാലത്ത് വടക്കേ അർധ ഗോളത്തിൽ സൂര്യകിരണങ്ങൾ കൂടുതൽ നേരിട്ടുവീഴുന്നതിനാൽ പകൽ സമയം ദൈർഘ്യമേറിയതും ചൂട് കൂടുതലുമായിരിക്കും. ശീതകാലത്ത് സൂര്യകിരണങ്ങൾ ചരിഞ്ഞ കോണിൽ എത്തുന്നതിനാൽ പകൽ സമയം കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.