ഒരു ഒമാനി റിയാലിന്റെ മൂല്യം 240 ഇന്ത്യൻ രൂപ !

മസ്കത്ത്: ഡോളറിനെതിരെ സർവകാല തകർച്ച നേരിട്ട ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് നേട്ടം. ഒരു ഒമാനി റിയാലിന് വെള്ളിയാഴ്ച 240 ഇന്ത്യൻ രൂപ എന്ന നിരക്കിലേക്കുയർന്നു. 

കഴിഞ്ഞദിവസം ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 26 പൈസയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇൻട്രാ ട്രേഡിങ്ങിൽ 92.48 വരെ എത്തിയ രൂപ 92.4550 ൽ വ്യാപാരം അവസാനിച്ചു. ഇതോടെ ഒരു ഒമാനി റിയാലിനു 240 എന്ന നിരക്കിലെത്തി. 239 രൂപയാണ് ഒമാനിലെ എക്സ്ചേഞ്ചുകൾ നൽകുന്ന ഏകീകൃത നിരക്ക്. ഈ നിരക്ക് തിങ്കളാഴ്ച രാവിലെ തുടരും.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ ബാരലിനു 101 ഡോളറിനു മുകളിലേക്കുയർന്നതും ഇന്ത്യൻ ഓഹരി കമ്പോളത്തിൽ നിന്നും വിദേശ നിക്ഷേപകർ ഓഹരി വിറ്റൊഴിഞ്ഞതും രൂപക്കു സമ്മർദം ചെലുത്തിയതായി സാമ്പത്തിക വിദഗ്ദനായ ആർ. മധുസൂദനൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം അയവു വരാതെ രൂപയുടെ നില മെച്ചപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ ഉൽപാദനം വെട്ടിക്കുറച്ചതു വില വർധനവിന് കാരണമായി. ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഇതു വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. എൽ.എൻ.ജിയുടെ ഉൽപാദനത്തിലുള്ള കുറവും ഹുർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും ഇന്ത്യയിൽ ഗാർഹിക, ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിമാന സർവീസുകൾ തടസ്സപ്പെട്ടതും കേരളത്തിൽ ടൂറിസം മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ആഭ്യന്തര വ്യോമ ഗതാഗതം, ഹോട്ടൽ, ടാക്സി മറ്റു സേവന മേഖലകളെയും അതുമൂലം രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെയും വലിയതോതിൽ ബാധിച്ചിട്ടുണ്ട്. ശക്തമായ വിദേശ നാണ്യ ശേഖരം രൂപയുടെ വിലയിടിയുന്നത് തടയാൻ ആർ.ബി.ഐയെ സഹായിക്കും. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ ആർ.ബി.ഐ കാര്യമായ ഇടപെടൽ നടത്തേണ്ടത് രൂപയുടെ മൂല്യം തിരിച്ചുകയറുന്നതിന് പ്രധാനമാണ്.

Tags:    
News Summary - The value of one Omani Rial is 240 Indian Rupees!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.