മസ്കത്ത്: ബീച്ചുകളിലേക്കും തീരപ്രദേശങ്ങളിലേക്കും വിനോദയാത്ര പോകുന്നവർ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മസ്കത്ത് മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങളില്ലാതെ അവധിദിനങ്ങൾ ചെലവഴിക്കാൻ ശരിയായ രീതിയിലുള്ള ഭക്ഷണക്രമീകരണവും പ്രധാനമാണെന്ന് മുൻസിപ്പാലിറ്റി ഓർമ്മിപ്പിച്ചു.
തീരദേശങ്ങളിലേക്ക് യാത്ര തിരിക്കും മുമ്പ് ആവശ്യമായ അളവിൽ മാത്രം ഭക്ഷണം തയാറാക്കാൻ ശ്രദ്ധിക്കണം. ബീച്ചുകളിൽ വെച്ച് ബാർബിക്യു ചെയ്യാൻ ഉദ്ദേശിക്കുന്നവർ, തങ്ങൾ തെരഞ്ഞെടുക്കുന്ന ബീച്ചിൽ അതിന് ഔദ്യോഗികമായി അനുമതിയുണ്ടോ എന്ന് മുൻകൂട്ടി ഉറപ്പുവരുത്തണം. വേഗത്തിൽ കേടുവരാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ യാത്രയിലുടനീളം സുരക്ഷിതമായ താപനിലയിൽ സൂക്ഷിക്കാൻ ഐസിട്ട ഇൻസുലേറ്റഡ് കൂളർ ബോക്സുകൾ ഉപയോഗിക്കണം.
യാത്രക്കിടയിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നവർ ശുചിത്വം പരിപാലിക്കുന്നതും കൃത്യമായ ലൈസൻസുള്ളതുമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. പാകം ചെയ്ത ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിൽ വെക്കാതെയോ, നേരിട്ട് വെയിൽ അടിക്കുന്ന രീതിയിലോ രണ്ട് മണിക്കൂറിൽ കൂടുതൽ തുറന്നുവെക്കരുത്.
അന്തരീക്ഷത്തിലെ ഉയർന്ന താപനില ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാകുകയും ഭക്ഷണം വേഗം മലിനപ്പെടാനിടയാക്കുകയും ചെയ്യുമെന്നും മുൻസിപ്പാലിറ്റി പുറത്തിറക്കിയ ബോധവൽകരണ സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.