മസ്കത്ത്: ഒമാന്റെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവേകാൻ പൈതൃക-ടൂറിസം മന്ത്രാലയം ഈസീസണിലെ ദോഫാർ ഖരീഫ് ടൂറിസം കാമ്പയിന് ഔദ്യോഗിക തുടക്കം കുറിച്ചു. ‘ദോഫാർ: ഒരു വേറിട്ട അനുഭവം’ എന്ന പ്രമേയത്തിലാണ് പ്രചാരണ പരിപാടികൾ. ദോഫാർ ഗവർണറേറ്റ് ഓഫിസ്, ദോഫാർ മുൻസിപ്പാലിറ്റി എന്നിവരുമായി സഹകരിച്ചാണ് ഈ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ പ്രിയപ്പെട്ട വേനൽക്കാല സങ്കേതമായി ദോഫാറിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, ഹോട്ടൽ ബുക്കിംഗുകൾ വർധിപ്പിക്കുക, സാമ്പത്തിക മേഖലക്ക് ഉത്തേജനം നൽകുക എന്നിവ ലക്ഷ്യമിട്ട് തന്ത്രപരമായ വിപണന പദ്ധതികളാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നതെന്ന് ദോഫാറിലെ പൈതൃക-ടൂറിസം ഡയറക്ടറേറ്റ് ജനറൽ പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മർവാൻ അബ്ദുൽ ഹക്കീം അൽ ഗസ്സാനി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി പ്രശസ്ത സൗദി ഗായകൻ റാഷിദ് അൽ മജീദ് ആലപിച്ച പ്രത്യേക മ്യൂസിക് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇത് ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ആഭ്യന്തര, ജി.സി.സി വിപണികളെ ലക്ഷ്യമിട്ട് വിപുലമായ ഡിജിറ്റൽ പരസ്യങ്ങൾ, ഗൾഫ് മേഖലയിലെ ട്രാവൽ ഏജൻസികളുമായുള്ള പങ്കാളിത്തം, മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം എന്നിവയും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ, യാത്രാ പാക്കേജുകളും ടൂറിസം സേവനങ്ങളും നേരിട്ട് ബുക്ക് ചെയ്യുന്നതിനായി ‘ഡിസ്‌കവർ ഒമാൻ’ വെബ്‌സൈറ്റിൽ പ്രത്യേക ഡിജിറ്റൽ പേജും സജ്ജീകരിച്ചിട്ടുണ്ട്. ഒമാന്റെ വിവിധ ഗവർണറേറ്റുകളിലും സലാല എയർപോർട്ടിലും ഔട്ട്ഡോർ പരസ്യ ബോർഡുകൾ സ്ഥാപിച്ചതിന് പുറമെ, കുവൈത്ത് സിറ്റി, ജിദ്ദ, അബഹ, താഇഫ്, അസീർ തുടങ്ങിയ നഗരങ്ങളിലും പ്രത്യേക പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്.
പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഒമാൻ എയർ, സൗദിയ, ജസീറ എയർവേയ്‌സ് എന്നീ വിമാനക്കമ്പനികളുമായി മന്ത്രാലയം പങ്കാളിത്ത പദ്ധതികൾ ആവിഷ്‍കരിച്ചു. ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും താമസസൗകര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനുമായി ‘സിക്ക’, ‘മസറ’, ‘ഫല്ലോ’ എന്നീ ഔദ്യോഗിക ഡിജിറ്റൽ ആപ്ലിക്കേഷനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ടെന്ന് അൽ ഗസ്സാനി കൂട്ടിച്ചേർത്തു.
മസ്കത്ത്: ഖരീഫ് സീസൺ ആസ്വദിക്കാൻ ദോഫാർ ഗവർണറേറ്റിലേക്ക് എത്തുന്ന സന്ദർശകർ വാഹനങ്ങൾ നിശ്ചിത പാർക്കിങ് ഇടങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ എന്ന് ഒമാൻ എൻവയോൺമെന്റ് അതോറിറ്റി കർശന നിർദ്ദേശം നൽകി. പച്ചപ്പുനിറഞ്ഞ പുൽമേടുകളിലും പ്രകൃതിരമണീയമായ ഇടങ്ങളിലും വാഹനങ്ങൾ കയറ്റിയിടുന്നത് ഇവിടുത്തെ സസ്യജാലങ്ങളെ നശിപ്പിക്കുമെന്നും പ്രദേശത്തിന്റെ തനതായ പ്രകൃതിഭംഗിക്ക് ഭീഷണിയാകുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ നിർത്തിയിടാനായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖരീഫ് സീസണിൽ ദോഫാറിന്റെ മനോഹാരിത നിലനിർത്താൻ ഇത്തരം പച്ചപ്പുകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിയെ ദ്രോഹിക്കാത്ത രീതിയിൽ ഉത്തരവാദിത്തത്തോടെയുള്ള ടൂറിസം സംസ്കാരം സഞ്ചാരികൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.