മസ്കത്ത്: ആഗോള വിനോദസഞ്ചാര വിപണിയിൽ ഒമാന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിൽ പുതിയ പ്രൊമോഷൻ കാമ്പയിന് തുടക്കം കുറിച്ച് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. ലണ്ടൻ നഗരത്തിലൂടെ സർവീസ് നടത്തുന്ന 100 പ്രമുഖ ബസുകളിലും 100 ബ്ലാക്ക് ടാക്സികളിലും ഒമാൻ ടൂറിസത്തിന്റെ ആകർഷകമായ പരസ്യങ്ങൾ പതിച്ചാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ വിപണികളിലൊന്നായ യു.കെയിൽ ഒമാനെ ഒരു മുൻനിര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
സുൽത്താനേറ്റിന്റെ സമ്പന്നമായ സംസ്കാരം, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവ ആഗോള സഞ്ചാരികൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ഈ പരസ്യ കാമ്പയിൻ വഴിയൊരുക്കും. വരും മാസങ്ങളിൽ ഒമാനിലേക്ക് കൂടുതൽ യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം മറ്റ് പ്രധാന പ്രചാരണ പരിപാടികളും ആസുത്രണം ചെയ്തിട്ടുണ്ട്. ഒമാനെ ഒരു ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ‘ഒമാൻ വിഷൻ 2040’ ലക്ഷ്യത്തിന്റെ ഭാഗമായി ബ്രിട്ടന് പുറമെ മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലും മന്ത്രാലയം ശക്തമായ കാമ്പയിനുകൾ നടത്തുന്നുണ്ട്.
യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ മന്ത്രാലയം ആവിഷ്കരിച്ച പ്രധാന ഡിജിറ്റൽ കാമ്പയിനാണ് ‘എക്സ്പീരിയൻസ് അവർ വിന്റർ’. യൂറോപിൽ കടുത്ത തണുപ്പുള്ള ശീതകാലത്ത് ഒമാനിലെ മിതമായ കാലാവസ്ഥ, മരുഭൂമിയിലെയും മലനിരകളിലെയും ക്യാമ്പിങ്, ബീച്ചുകൾ, സാഹസിക വിനോദങ്ങൾ എന്നിവയാണ് ഇതിലൂടെ പരസ്യപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ട്രേഡ് ഷോയായ ജർമ്മനിയിലെ ഐ.ടി.ബി ബെർലിൻ 2026ൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് റോഡ് ഷോകളും ബിസിനസ് മീറ്റുകളും ഒമാൻ സംഘടിപ്പിക്കുന്നു.
ഇതിനു പുറമെ, പ്രമുഖ യൂറോപ്യൻ എയർലൈനുകളുമായും ഒമാൻ എയറുമായും സഹകരിച്ച് യൂറോപ്യൻ നഗരങ്ങളിൽ പ്രത്യേക യാത്രാ ഓഫറുകളും പ്രൊമോഷനുകളും മന്ത്രാലയം നൽകിവരുന്നുണ്ട്. യൂറോപ്പിൽ ഒമാന്റെ ടൂറിസം സ്വാധീനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്പെയിൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ ടൂറിസം റെപ്രസെന്റേറ്റീവ് ഓഫിസുകൾ തുറക്കാനും അന്താരാഷ്ട്ര ട്രാവൽ കമ്പനികളുമായി നേരിട്ട് പങ്കാളിത്തംരൂപപ്പെടുത്താനും മന്ത്രാലയം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.