അവധിദിനത്തിൽ മത്ര സൂഖിൽ സന്ദർശകരുടെ തിരക്കേറിയപ്പോൾ
മത്ര: ദേശീയ ദിന അവധി..മത്ര തീരത്ത് നങ്കൂരമിട്ട ടൂറിസ്റ്റ് കപ്പല്‍... ശമ്പളത്തോട് കൂടിയ വാരാന്ത്യ അവധി... എല്ലാം കൂടി ഒത്തുചേര്‍ന്നപ്പോള്‍ മത്ര സൂഖിലെത്തിയത് അഭൂതപൂർവമായ ജനക്കൂട്ടം. സൂഖ് കാണാനും കറങ്ങാനും സാധനങ്ങള്‍ വാങ്ങാനെത്തിയവരും ഒപ്പം വിനോദ സഞ്ചാരികളും കൂടി ആയപ്പോള്‍ സൂഖിന് വീര്‍പ്പ്മുട്ടി. അതോടെ ആഴ്ചകളായി കാര്യമായ ചലനമില്ലാതിരുന്ന വിപണിക്കും ചൂട് പിടിച്ചു. എല്ലാ മേഖലകളിലും തരക്കേടില്ലാത്ത കച്ചവടം നടന്നതായി വ്യാപാരികൾ സന്തോഷം പങ്കുവെച്ചു.
നോമ്പ് പെരുന്നാളിന്റെ മുന്നൊരുക്കമെന്നോണം പ്രധാനമായും തുണിത്തരങ്ങളുടെ കച്ചവടമാണ് നടന്നത്. അനുബന്ധമായി മറ്റ് കച്ചവടങ്ങളും തരക്കേടില്ലാതെ നടന്നു. സൂഖിലെ കഫറ്റീരിയകള്‍ക്ക് മുന്നിലൊക്കെ നീണ്ട ക്യൂ തന്നെ കാണാമായിരുന്നു. തരക്കേടില്ലാത്ത ജോലി ലഭിച്ചതില്‍ ഉന്ത് വണ്ടിക്കാരും ഹാപ്പി..
ആളുകൾ ഏറിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സൂഖിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്തവിധം പാര്‍ക്കിങ്ങ് ലഭിക്കാതെ കറങ്ങിക്കളിക്കേണ്ടി വന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ഒടുവിൽ മത്ര പൊലീസ് എത്തി വാഹനഗതാഗതം വഴി തിരിച്ചുവിട്ടാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.