മുസന്ദം ഖസബിൽ സമുദ്രത്തോട് ചേർന്ന കുന്നിൻപ്രദേശത്തുനിന്ന് ഓസ്പ്രേ പക്ഷികളുടെ ആവാസകേന്ദ്രത്തിന്റെ ചിത്രങ്ങൾ ഫീൽഡ് സ്റ്റഡിയുടെ ഭാഗമായി പകർത്തിയപ്പോൾ
ഖസബ്: ഒമാനിലെ സമുദ്ര ജൈവവൈവിധ്യ സംരക്ഷണപദ്ധതികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓസ്പ്രേ പക്ഷികളുടെ ആവാസകേന്ദ്രങ്ങൾ കണ്ടെത്താൻ പരിസ്ഥിതി അതോറിറ്റി സമഗ്രമായ ഫീൽഡ് പഠനം നടത്തി. മുസന്ദം ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ഫീൽഡ് സർവേയിൽ 45 ഓസ്പ്രേ കൂടുകൾ രേഖപ്പെടുത്തി. ഇതിൽ 19 കൂടുകളിലും മുട്ടകൾ കണ്ടെത്തി.
ഓരോ കൂട്ടിലും നാലുവരെ മുട്ടകളുണ്ടായിരുന്നു. 2025 ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ട പഠനത്തിൽ ട്രാപ്പ് കാമറകളും പ്രഫഷനൽ കാമറകളും ജി.പി.എസ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ഫീൽഡ് സർവേ പൂർത്തിയാക്കിയത്.
ശേഖരിച്ച വിവരങ്ങൾ ഭൗമ വിവരസാങ്കേതികസംവിധാനം (ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം-ജി.ഐ.എസ്) ഉപയോഗിച്ച് വിശകലനം ചെയ്ത് രാജ്യത്തിനകത്തും പുറത്തുമായി നടന്ന പഠനങ്ങളുമായി താരതമ്യം ചെയ്തു.
മുസന്ദം തീരപ്രദേശങ്ങളിലെ കുന്നിൻപ്രദേശങ്ങളും ഒറ്റപ്പെട്ട ദ്വീപുകളും ഓസ്പ്രേയുടെ പ്രിയപ്പെട്ട ആവാസകേന്ദ്രങ്ങളാണെന്ന് പഠനം തെളിയിക്കുന്നു. പ്രത്യേകിച്ച് ഖസബ് മേഖലയുടെ കിഴക്കൻഭാഗത്താണ് ഇവയുടെ കൂടുകൾ കൂടുതലായി കാണപ്പെടുന്നത്. ബുഖാ, ദിബ്ബ മേഖലകൾ ഇവയുടെ പ്രധാന ഭക്ഷണപ്രദേശങ്ങളാണെന്നും പഠനം സൂചിപ്പിക്കുന്നു. ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥവ്യതിയാനത്തിന് പുമെ മൗണ്ടയ്ൻ ഫോക്സ്, ഇന്ത്യൻ കാക്ക, സീഗൾ എന്നിവ കൂടും മുട്ടകളും ആക്രമിക്കുന്നത് തുടങ്ങി നിരവധി സ്വാഭാവിക ഭീഷണികൾ ഓസ്പ്രേ നേരിടുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നു. മനുഷ്യനിർമിതമായ വേട്ടയാടൽ പോലുള്ള ഭീഷണികൾ ഇതുവരെ മുസന്ദത്തിൽ കണ്ടെത്തിയിട്ടില്ല.
വെളുത്ത തലയും തവിട്ടുനിറമുള്ള ചിറകുകളും ശക്തമായ കൊമ്പുകളും മഞ്ഞനിറമുള്ള കണ്ണുകളുംകൊണ്ട് ശ്രദ്ധേയമായ വലിയ വേട്ടപ്പക്ഷിയാണ് ഓസ്പ്രേ. തീരപ്രദേശങ്ങളും ദ്വീപുകളും ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങളാണ്. ജലോപരിതലത്തിൽ പായുന്ന മീനുകളാണ് ഇവയുടെ പ്രധാന ആഹാരം. ആഗോളതലത്തിൽ ഭീഷണി നേരിടുന്ന പക്ഷിവർഗം കൂടിയാണിവ. ഒമാനിൽ ഇവയുടെ നിരീക്ഷണവും പെരുമാറ്റ പഠനങ്ങളും അത്യാവശ്യമാണെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഖസബിൽ സമുദ്രത്തോട് ചേർന്ന കുന്നിൻപ്രദേശത്ത് ഓസ്പ്രേ പക്ഷികളുടെ കൂട്ടിൽ വിരിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രം
ഈ പഠനം ഒമാനിലെ സമുദ്ര ജൈവവൈവിധ്യ രേഖപ്പെടുത്തലിനുള്ള ഒരു പ്രധാന ഘട്ടമാണെന്ന് മുസന്ദം ഗവർണറേറ്റിലെ ജൈവവൈവിധ്യ- സസ്യവളർച്ചാ വികസനവിഭാഗത്തിന്റെ മേധാവി നൂറ ബിൻത് അബ്ദുല്ല അൽ ഷെഹി പറഞ്ഞു. ഇതിന്റെ ഫലങ്ങൾ ഓസ്പ്രേ പക്ഷിയെയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
കരയിലെയും സമുദ്രത്തിലെയും വന്യജീവിസംരക്ഷണത്തിന് പുറമെ ജൈവവൈവിധ്യത്തെ സംബന്ധിച്ച ദേശീയ ഡാറ്റാബേസ് വിപുലീകരിക്കുന്നതിനുള്ള ഗവേഷണ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുമെന്ന് പരിസ്ഥിതി അതോറിറ്റിയുടെ മുസന്ദം ഗവർണറേറ്റ് ഡയറക്ടർ സാലിം ബിൻ ഹുമൈദ് അൽ ജുനൈബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.