ബെത്ലഹേമിലെ ആളൊഴിഞ്ഞ ഗുഹയിൽ ക്രിസ്തു ജനിച്ചു എന്ന വാർത്ത ആദ്യം എത്തുന്നത് വെളിമ്പ്രദേശത്ത് ആടുകളെ കാക്കുന്ന ആട്ടിടയന്മാരടെ അടുത്താണ്. അവർ അത്ര സന്തുഷ്ടരൊന്നുമായിരുന്നില്ല. രാത്രി കാലങ്ങളിൽ അവർ തങ്ങളുടെ ആടുകളെ ഗുഹക്കുള്ളിൽ പ്രവേശിപ്പിച്ച് ഗുഹാ മുഖത്ത് അവർ മഞ്ഞും തണുപ്പും മഴയുമെല്ലാം അവഗണിച്ച് തങ്ങളുടെ ആടുകളെ ശത്രുക്കളിൽനിന്നും സംരക്ഷിച്ചുപോന്നു. അതിൽ അവർ അത്ര സംതൃപ്തരല്ലായിരുന്നു. അവരുടെ അടുത്താണ് ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ക്രിസ്തു ജനിച്ചു എന്ന വാർത്ത എത്തുന്നതും വളരയേറെ സന്തോത്തോടെ ബത് ലഹേം വരെ അവർ ചെല്ലുന്നതും. ഉണ്ണിയേശുവിന്റെ അമ്മ മറിയത്തോടും ഔസേപ്പിനോടും ഒന്നിക്കുകയും സംതൃപ്തിയോടെ അവർ അവിടെനിന്ന് മടങ്ങുകയും ചെയ്തു. പതിവിന് വിപരീതമായി ഒരു നക്ഷത്രം ആകാശത്ത് കണ്ടുകൊണ്ടാണ് വിദ്വാന്മാർ ബത് ലഹേമിൽ എത്തുന്നത്. അവരും സന്തോഷത്തോടുകൂടിയാണ് ഉണ്ണിയീശോയുടെ അരികിൽ എത്തുന്നതും കാഴ്ച വസ്തുക്കളായ പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയർപ്പിക്കുന്നതും. അവരും അവിടെനിന്ന് മടങ്ങുന്നത് സംതൃപ്തിയോടെ തന്നെയാണ്.
പ്രിയമുള്ളവരേ..എന്താണ് അവരുടെ സംതൃപ്തിക്ക് കാരണം? യേശു അവരുടെ ഹൃദയങ്ങളിൽ ജനിച്ചു എന്നതാണ്. ഒരു പക്ഷേ കേട്ട വാർത്തകൾ അവർക്ക് അവഗണിക്കാമായിരുന്നു. എന്നാൽ, ക്രിസ്തു ജനിച്ചു എന്ന വാർത്ത അവർ ഹൃദയത്തോട് ചേർത്തുവെച്ചപ്പോൾ അവരുടെ ജീവിതത്തിൽ സംതൃപ്തി ഉളവായി എന്നതാണ്. എന്നാൽ, ഹൃദയത്തിൽ ക്രിസ്തു ജനിക്കാത്ത ഒരു വ്യക്തിയെ നമുക്ക് പരിചയമുണ്ട്. ബെത് ലഹേം ഉൾപ്പെടുന്ന യഹൂദ പ്രവിശ്യയുടെ രാജാവായ ഹിരോദോസ്. അദ്ദേഹം ഇങ്ങനെ ഒരു കൽപന പുറപ്പെടുവിക്കുന്നുണ്ട്. രാജ്യത്ത് രണ്ടു വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളയുക എന്ന്. അദ്ദേഹത്തിന്റെ ആ കൽപന രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഭീതി സമ്മാനിച്ചു. എന്താണ് ആ കൽപനക്ക് കാരണം? അദ്ദേഹത്തിന്റെ ഹൃദയത്തിൽ ക്രിസ്തു ജനിച്ചില്ല എന്നതാണ് ആ കാരണം. ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ക്രിസ്തു ജനിച്ചു എന്ന വാർത്ത കേൾക്കാത്തതുകൊണ്ടല്ല, കേട്ട ആ വാർത്ത അദ്ദേഹം അവഗണിച്ചു എന്നതാണ് അതിനു കാരണം.
ക്രിസ്തു ഹൃദയത്തിൽ ജനിക്കാത്ത ആ മനുഷ്യന് അസംതൃപ്തിയും താൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് അസമാധാനവും സമ്മാനിച്ചപ്പോൾ, ക്രിസ്തു ഹൃദയങ്ങളിൽ ജനിച്ച ആട്ടിടയന്മാരും വിദ്വാന്മാരും സംതൃപ്തിയോടെയാണ് അവിടെനിന്ന് മടങ്ങിയത്. ഹൃദയത്തിൽ ക്രിസ്തു ജനിക്കുന്ന ഓരോരുത്തരും അവനവന്റെ ജീവിതത്തിലും അവൻ ആയിരിക്കുന്ന കുടുംബത്തിലും അവൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലും അവന്റെ വാക്കുകളും പ്രവൃത്തികളും ശാന്തിയും സമാധാനവും പരത്തുന്നതായിത്തീരുമെന്നതാണ് യാഥാർഥ്യം.
പ്രിയമുള്ളവരേ..നമ്മുടെ വ്യക്തി ജീവിതത്തിലും നമ്മുടെ കുടുംബത്തിലും നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയും ശാന്തിയുടെയും പ്രത്യാശയുടെയും തുറമുഖത്തേക്ക് അടുപ്പിക്കുവാൻ തക്കവണ്ണം ക്രിസ്തുവിന് ജനിക്കുവാൻ നമ്മുടെ ഹൃദയത്തിലും പൂൽക്കൂടൊരുക്കാം. എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.