മസ്കത്ത്: തൊഴിലാളി മർദനത്തിനിരയാവുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അതിക്രമത്തിന്റെ വീഡിയോ ഒമാനിൽ നിന്നുള്ളതല്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒമാനുമായി ഒരു ബന്ധവുമില്ലാത്ത, മുമ്പ് മറ്റ് രാജ്യങ്ങളിൽ പ്രചരിച്ച പഴയ വീഡിയോയാണിതെന്നും മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രസ്തുത വീഡിയോക്ക് ഒമാനുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ വിവരങ്ങളാണ് ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഒമാനിൽ തൊഴിലാളിക്ക് നേരെ അതിക്രമം നടന്നുവെന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മന്ത്രാലയത്തിന്റെ അടിയന്തര വിശദീകരണം. എല്ലാ തൊഴിലാളികൾക്കും ഒമാനിലെ തൊഴിൽ നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും പൂർണ സംരക്ഷണവും നിയമപരമായ അവകാശങ്ങളും ഉറപ്പുനൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽപരമായ നിയമലംഘനങ്ങളും അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യാനും ഇരകൾക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്ത് ശക്തമായ നിയമസംവിധാനങ്ങൾ നിലവിലുണ്ടെന്നും ഓർമിപ്പിച്ചു.
നവമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാർത്തകളുടെയും ദൃശ്യങ്ങളുടെയും സത്യാവസ്ഥ ഔദ്യോഗിക സ്രോതസ്സുകളിലൂടെ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പ്രചരിപ്പിക്കാവൂ എന്നും തൊഴിൽ മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.