കുഞ്ഞുങ്ങളുടെ ഭക്ഷണ പദാർഥങ്ങളുടെ പ്രചാരണം; ഒമാനിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരടക്കമുള്ളവർക്ക് കർശന നിയന്ത്രണം

മസ്കത്ത്: ഒമാനിൽ കുട്ടികൾക്കും ശിശുക്കൾക്കുമുള്ള ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയ വഴിയോ മറ്റ് മാധ്യമങ്ങൾ വഴിയോ പരസ്യം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷണ വിതരണക്കാർ, കമ്പനികൾ, പരസ്യ ഏജൻസികൾ എന്നിവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റേഴ്സ്, ആക്ടിവിസ്റ്റുകൾ എന്നിവർക്കും ഈ നിർദേശം ബാധകമാണ്.

ഭക്ഷണ പദാർഥങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്യുന്നതിന് മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്ന് കാണിച്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ തുടർച്ചയായാണ് ഈ പുതിയ നിർദേശം. ഒമാനിലെ ഭക്ഷ്യ സുരക്ഷാ നിയമം, ഒമാനി സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയ തീരുമാനങ്ങളുടെ ( 69/2024, No. 74/2021) അടിസ്ഥാനത്തിലാണ് ഈ നടപടി. കുട്ടികളുടെ ഭക്ഷണ പദാർഥങ്ങൾ പരസ്യം ചെയ്യുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ ഉള്ള അനുമതിക്കായുള്ള അപേക്ഷകൾ Food.approval@mafwr.gov.om എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. നിർദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിലവിലുള്ള നിയമപ്രകാരമുള്ള കടുത്ത പിഴയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - കുഞ്ഞുങ്ങളുടെ ഭക്ഷണ പദാർഥങ്ങളുടെ പ്രചാരണം; ഒമാനിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരടക്കമുള്ളവർക്ക് കർശന നിയന്ത്രണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.