അഡ്വ. ആർ മധുസൂദനൻ
ഈ അടുത്ത കാലത്തായി പ്രവാസികളിൽ കണ്ടുവരുന്ന ചില അനഭിലഷണീയ പ്രവണതയാണ് ഇങ്ങനെ ഒരു ലേഖനം എഴുതാൻ കാരണം. വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതമായ ഭാവിക്കായി കഠിനാധ്വാനം ചെയ്യുകയാണ്. അവർ അയക്കുന്ന പണമാണ് നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ, ചിലർ വേഗത്തിലോ കുറഞ്ഞ ചെലവിലോ പണമെത്തുമെന്ന പ്രലോഭനത്തിൽ നിയമവിരുദ്ധമായ വഴികൾ സ്വീകരിക്കുന്നത് വലിയ സാമ്പത്തികവും നിയമപരവുമായ പ്രതിസന്ധികൾക്ക് കാരണമാകുന്നു.
നിയമവിരുദ്ധമായ പണമിടപാട് സംവിധാനങ്ങൾ ആദ്യനോട്ടത്തിൽ സൗകര്യപ്രദമാണെന്ന് തോന്നിയാലും, അവ വലിയ അപകടസാധ്യതകൾ നിറഞ്ഞതാണ്. പണം നഷ്ടപ്പെട്ടാൽ നിയമപരമായ സംരക്ഷണം ലഭിക്കില്ല. കൂടാതെ, ഇത്തരം ഇടപാടുകൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്. ചെറിയ ലാഭം പ്രതീക്ഷിച്ച് സ്വീകരിക്കുന്ന തെറ്റായ തീരുമാനം പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിനും നിയമക്കുരുക്കുകൾക്കും കാരണമാകാം.
അൽപലാഭം പേരും ചേതം
‘ഇന്ത്യൻ രൂപ തന്നാൽ റിയാൽ തന്ന് ഒന്ന് സഹായിക്കാമോ?’ ഈ അടുത്ത സമയത്തായി സോഷ്യൽ മീഡിയകളിൽ കാണുന്ന പോസ്റ്റുകളാണിത്. അലിവ് തോന്നി നിങ്ങൾ സഹായിച്ചാൽ നാളെ നിങ്ങളും ഒരു കുറ്റകൃത്യത്തിന്റെ ഭാഗമാകാം എന്ന് കരുതുക. ഇങ്ങനെ ഇന്ത്യൻ രൂപ കൊടുത്ത് പല ആളുകളിൽ നിന്നും തുക സമാഹരിക്കുന്നുണ്ടാവാം.
ഇന്ന് അംഗീകൃത മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ ബാങ്കുകൾ എന്നിവയിലൂടെ സുരക്ഷിതമായും വേഗത്തിലും പണം അയക്കാൻ സാധിക്കും. ഓരോ ഇടപാടിനും ഔദ്യോഗിക രേഖകൾ ലഭിക്കുന്നതിനാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ തെളിവായി ഉപയോഗിക്കാനും കഴിയും. അനധികൃത സംവിധാനങ്ങൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടാൻ സാധ്യതയുള്ളതിനാൽ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുകയും നിയമനടപടികൾ നേരിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യാം.
ഈ അടുത്ത സമയത്തു എനിക്ക് പരിചയമുള്ള വിദ്യാസമ്പന്നനായ ഒരാൾ നാട്ടിൽ ഭവന വായ്പയുമായി ബന്ധപ്പെട്ടു എന്നെ സമീപിച്ചു. മറ്റു രേഖകൾ കിട്ടാൻ സമയമെടുക്കുന്നതു കൊണ്ട് അദ്ദേഹത്തിന്റെ നാട്ടിലെ ബാങ്ക് സ്റ്റേറ്റ്മെന്റ്റ് ഉപയോഗിച്ച് വായ്പ കിട്ടാനുള്ള സൗകര്യം ആലോചിക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ഇതുവരെ നാട്ടിലേക്ക് ബാങ്ക് വഴി പണമയച്ചിട്ടില്ല എന്നത്. എല്ലാം അനധികൃതം. ബാങ്ക് വായ്പ കിട്ടില്ലെന്ന് മാത്രമല്ല; ഇത് മറ്റു പലവിധ ബുദ്ധിമുട്ടുകളും ഭാവിയിൽ ഉണ്ടാക്കാം.
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇത്തരം സാമ്പത്തിക കുറ്റ കൃത്യങ്ങൾ നിങ്ങളെ വേട്ടയാടാം. ഇത്തരം ഇടപാടുകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കോ, കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കപ്പെട്ടാൽ അത് പിടിക്കപ്പെടുമ്പോൾ നിങ്ങളും ആ കണ്ണിയുടെ ഭാഗമാവുന്നു. ഹവാലയിടപാടുകൾ പൂർണമായും നിയമവിരുദ്ധമാണ്. ഫോറിൻ എക്സചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി.എം.എൽ.എ) പ്രകാരം ഇത് ഗുരുതരമായ കുറ്റമാണ്. പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയും ജയിൽവാസവും ലഭിക്കാം. അതുകൊണ്ടു അറിഞ്ഞോ അറിയാതെയോ ഇത്തരം സംഗതികളുടെ ഭാഗമാവാതിരിക്കുക.
നിയമപരമായ മാർഗത്തിൽ പണമയക്കുക
പ്രവാസികളുടെ നിയമാനുസൃത പണമിടപാടുകൾ വ്യക്തിഗത കുടുംബങ്ങൾക്ക് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും വലിയ കരുത്താണ്. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിലും ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സ്ഥിരത നൽകുന്നതിലും ഇവ നിർണായക പങ്കുവഹിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ ഇന്ത്യക്കാർ നാട്ടിലേക്കു അയച്ചത് ഏകദേശം 145 ബില്യൺ അമേരിക്കൻ ഡോളർ ആണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് അതി പ്രധാനമാണ്. അതിനാൽ നിയമപരമായ ചാനലുകളിലൂടെ പണം അയക്കുന്നത് വ്യക്തിപരമായ സുരക്ഷ മാത്രമല്ല, സാമൂഹികവും ദേശീയവുമായ ഉത്തരവാദിത്തം കൂടിയാണ് എന്നോർക്കുക. സുരക്ഷിതമായ പണമിടപാടുകൾ വിശ്വാസവും സമാധാനവും മാത്രമല്ല കുടുംബ ഭദ്രതക്കും അത്യാവശ്യമാണെന്ന് ഓരോ പ്രവാസിയെയും ഓർമപ്പെടുത്തുന്നു.
.
(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.