മസ്കത്ത്: ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വ്യാഴാഴ്ച താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച മുതൽ ശക്തമായ കാറ്റോടുകൂടിയ തണുത്ത വായുസഞ്ചാരം രാജ്യത്തെ ബാധിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച മസ്കത്തിലടക്കം വെയിലൊഴിഞ്ഞ് കാർമേഘം മൂടി സുഖകരമായ കാറ്റോടുകൂടിയ കാലാവസ്ഥയായിരുന്നു.
കാലാവസ്ഥ പ്രവചനങ്ങൾ പ്രകാരം, വരുംദിവസങ്ങളിലും ഈ സാഹചര്യം തുടരും. തണുത്ത വായു പ്രവാഹത്തോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടും.പ്രദേശങ്ങൾക്കനുസരിച്ച് കാറ്റിന്റെ തീവ്രതയിൽ വ്യത്യാസം ഉണ്ടാകുമെന്നും സി.എ.എ അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ 10ന് വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, മസ്കത്തിലും ഫഹൂദിലും മണിക്കൂറിൽ 26 നോട്ട് വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. ഇബ്രിയിൽ 31 നോട്ട്, ഹൈമയിലും ജബൽ ഹരീമിലും 21 നോട്ട്, മസീറയിൽ 23 നോട്ട് വേഗതയിലും കാറ്റ് രേഖപ്പെടുത്തി. പ്രദേശത്തെ അന്തരീക്ഷ മർദ വ്യതിയാനങ്ങളോടൊപ്പം തണുത്ത വായുപ്രവാഹമാണ് നിലവിലെ കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണമെന്ന് സി.എ.എ വ്യക്തമാക്കി.
ഇതേ തുടർന്ന് അന്തരീക്ഷത്തിൽ കാഴ്ച പരിധി കുറഞ്ഞു. ചില തീരപ്രദേശങ്ങളിൽ കടൽക്ഷോഭം, ഇടയ്ക്കിടെ ശക്തമായ കാറ്റ് എന്നിവക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വാഹന യാത്രികരും കടലിൽ സഞ്ചരിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാഷണൽ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്റർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകളും നിർദേശങ്ങളും പിന്തുടരണമെന്നും അധികൃതർ അഭ്യർഥിച്ചു.
അതേസമയം, ഒമാനിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ താപനിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതോടെ ചില മേഖലകളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴ്ന്ന് രേഖപ്പെടുത്തി. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ഷംസിലാണ്; -2.1 ഡിഗ്രി സെൽഷ്യസ്. ഈ ശീതകാലത്തിലെ ഏറ്റവും തണുത്ത ദിവസങ്ങളിലൊന്നാണിത്.
ഉൾനാടൻ പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും പല ഭാഗങ്ങളിലും താപനില ഗണ്യമായി താഴ്ന്നു. സൈഖിൽ 6.3 ഡിഗ്രി സെൽഷ്യസും സുനൈനയിൽ 9.9 ഡിഗ്രിയും രേഖപ്പെടുത്തി. യൻഖുൽ 10.2 ഡിഗ്രിയിലേക്കും ബുറൈമി 10.5 ഡിഗ്രിയിലേക്കും മഹ്ദ 10.7 ഡിഗ്രിയിലേക്കും താപനില താഴ്ന്നു. ദാഹിറ ഗവർണറേറ്റിൽ ധാങ്കിൽ 11.0 ഡിഗ്രിയും ഇബ്രിയിൽ 12.1 ഡിഗ്രിയും ഫഹൂദിൽ 12.5 ഡിഗ്രിയും ബഹ്ലയിൽ 12.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. പുലർച്ചെയും രാത്രിയിലും തണുപ്പ് തുടരാനിടയുള്ളതിനാൽ, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിലുള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മസ്കത്ത്: സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ അന്തരീക്ഷത്തിൽ പൊടിപടലം വ്യാപിച്ചതിനാൽ വ്യാഴാഴ്ച റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടർച്ചയായ കാറ്റിന്റെ ഫലമായാണ് റോഡിൽ പൊടിപടലം രൂപപ്പെടുന്നതെന്നും കാഴ്ച പരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.