ഹേമന്ദും ജഅ്ഫറും പ്രവാസി ലീഗൽ സെൽ പ്രതിനിധികൾക്കൊപ്പം
മസ്കത്ത്: തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജഅ്ഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ. തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജഅ്ഫർ എന്നിവർക്കാണ് നാട്ടിൽ തിരിച്ചെത്തുവാനുള്ള സഹായം സെൽ ഉറപ്പുവരുത്തിയത്. വിസിറ്റ് വിസയിൽ ഒമാനിലെത്തിയ ഇരുവർക്കും ജോലിചെയ്യാനുള്ള വിസയോ മറ്റോ നൽകാതെ പാസ്പോർട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സഹായമഭ്യർത്ഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി ലീഗൽ സെൽ പ്രതിനിധിയായ ബാലകൃഷ്ണൻ വലിയാട്ടിനെ ഇവർ സമീപിച്ചത്.
പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അധ്യക്ഷയായ അഡ്വ. ജെസ്സി ജോസ്, ജാസ്സിം, സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയും പാസ്സ്പോർട്ട് തിരികെ നൽകി സുരക്ഷിതമായി നാട്ടിലെത്താനായുള്ള സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുകയുമായിരുന്നു. നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ അനധികൃതമായ തൊഴിൽ തട്ടിപ്പിന് ഒമാനിൽ വിധേയരാവുന്നതെന്ന് ചാപ്റ്റർ കോഓഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു.
കേരളത്തിൽ വർദ്ധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് ഏജെൻസികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന്, നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക്ഫോഴ്സും ഉണ്ടാക്കിയിരുന്നു. വർധിച്ചു വരുന്ന വിദേശ തൊഴിൽ തട്ടിപ്പിന് തടയിടാനായി കൂടുതലായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.