സലാല ഇന്ന് പാടിത്തിമിർക്കും

സലാല: ഹാർമോണിയസ് കേരള ആറാം സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന റോഡ് ഷോ വെള്ളിയാഴ്ച സലാലയിൽ നടക്കും. കുടുംബവുമായെത്തുന്ന പ്രവാസി മലയാളികൾക്ക് നിരവധി ഫൺ ആക്ടിവിറ്റികളും മൽസരങ്ങളും സമ്മാനങ്ങളും ഒരുക്കുന്ന റോഡ് ഷോയിൽ നടി ഡയാന ഹമീദ് അവതാരകയാവും. കുട്ടികൾക്കും പ​ങ്കെടുക്കാവുന്ന രീതിയിലുള്ള വിവിധ മൽസരങ്ങളും റോഡ്ഷോയിലുണ്ടാവും.


അതോടൊപ്പം എം.ജി ശ്രീകുമാറിന്റെ പാട്ടുകളുമായി ദോഫാർ മേഖലയിലെ കലാകാരന്മാർക്കായി ‘സിങ് ആൻഡ് വിൻ’ മൽസരത്തി​ന്റ ഫൈനൽ റൗണ്ട് വൈകീട്ട് അഞ്ചിന് സലാല അൽ വാദി ലുലു ഹൈപർ മാർക്കറ്റിലെ വേദിയിൽ അരങ്ങേറും. നൂറുകണക്കിന് പേർ പ​ങ്കെടുത്ത ആദ്യ റൗണ്ടിൽ നിന്ന് ജൂനിയർ, സീനിയർ കാറ്റഗറികളിലായി 30 പേർ രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കടുത്ത മൽസരം കണ്ട രണ്ടാം റൗണ്ടിൽനിന്ന് അഞ്ചു പേർ വീതം ഇരു കാറ്റഗറികളിലുമായി ഫൈനലിൽ ഇടം നേടി. ഫാർ മേഖലയിലുള്ളവർക്കായാണ് മൽസരം സംഘടിപ്പിച്ചത്.

ജൂനിയർ വിഭാഗത്തിൽ റൈഹാൻ അൻസാരി, വഫ സാദിഖ്, കെ. മാളവിക, നിയതി നമ്പ്യാർ, മീര മഹേഷ് എന്നിവരാണ് അന്തിമ റൗണ്ടി​ൽ മൽസരിക്കാൻ ഇടം നേടി.

ഇന്ത്യൻ സ്കുൾ സലാലയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് റൈഹാൻ അൻസാരി. പത്തനംതിട്ട ചാത്തന തറ സ്ദേശി അൻസാരിയു​ടെ യും ഷമീനയും മകനാണ്.സലാല ഇന്റർനാഷനൽ പയനീർ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ വഫ സാദിഖ് കണ്ണുർ വളപട്ടണം സ്വദേശിയായ മുഹമ്മദ് സാദിഖ്- മദീഹ ഹാരിസ് ദമ്പതികളുടെ മകളാണ്. ഇന്ത്യൻ സ്കൂൾ സലാലയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നിയതി നമ്പ്യാർ. വയനാട് വെള്ളമുണ്ട സ്വദേശികളായ ദിജിത്ത്- രേശ്മ ദമ്പതികളുടെ മകളാണ്. ഇന്ത്യൻ സ്കുൾ സലാലയിൽ എട്ടാംക്ലാസ് വിദ്യർഥിയായ മാളവിക കോഴിക്കോട് സ്വദേശികളായ ഷിബി-പ്രസീത ദമ്പതികളുടെ മകളാണ്. കോട്ടയം സ്വ ദേശികളായ മഹേഷ് ഗോപാലൻ- എം.കെ. രശ്മി ദമ്പതികളുടെ മകളായ മാളവിക ഇന്ത്യൻ സ്കുൾ സലാലയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

സീനിയർ വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി ഹർഷ, കോട്ടയം പാമ്പാടി സ്വദേശിനി ദേവിക ഗോപൻ, പത്തനംതിട്ട സ്വദേശി ശ്രീറാം, ഇടുക്കി വാഗമൺ സ്വദേശി ആദിത്യ സതീഷ്, കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി ഷാസിയ അഫ്രിൻ എന്നിവരും ഫൈനൽ റൗണ്ടിലെത്തി.


ആദ്യ രണ്ടു റൗണ്ടും ഓൺലൈനായാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഫൈനൽ റൗണ്ടിൽ കരോക്കെ സംഗീതത്തിന്റെ അകമ്പടിയിൽ നേരിട്ടാണ് മൽസരം അര​ങ്ങേറുക എന്നതിനാൽ റോഡ് ഷോ കാണനെത്തുന്ന കാണികൾക്ക് പാട്ടിന്റെ പെരുമഴക്കാലം ആസ്വദിക്കാനാവും. വിദഗ്ദരായ ജഡ്ജിങ് പാനൽ മൽസരം വിലയിരുത്തും. വിജയികൾക്ക് ഗംഭീരമായ സമ്മാനങ്ങൾക്കു പുറമെ, 30ന് എം.ജി. ശ്രീകുമാർ പ​ങ്കെടുക്കുന്ന ഹാർമോണിയസ് കേരള വേദിയിൽ ആദരം നേടാനുള്ള അപൂർവ അവസരവും ലഭിക്കും.

‘ഹാർമോണിയസ് കേരള’ സീസൺ സിക്സിലെ സെലിബ്രിറ്റി പ്രവചന മൽസരമായ ‘ഗസ് ആൻഡ് വിൻ’ വിജയികൾക്കുള്ള സമ്മാനവും വെള്ളിയാഴ്ച നടക്കുന്ന റോഡ് ഷോയിൽ അവതാരക ഡയാന ഹമീദ് കൈമാറും. കോഴിക്കോട് സ്വദേശി മഞ്ജു പ്രേം സജീവ് (40), പാലക്കാട് പട്ടാമ്പി സ്വദേശി പി.ടി. ഫെൽവ ഫാത്തിമ (ഒമ്പത്), മാഹി സ്വദേശി അമൃത റബീഷ് (31) എന്നിവരാണ് വിജയികൾ.


ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ്​ മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ വിളംബരമായി സലാലയിൽ വെള്ളിയാഴ്ച റോഡ്ഷോ അരങ്ങേറുന്നത്. മലയാളത്തിന്റെ പ്രിയ നടി ഭാവനയും സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറും എത്തുന്ന വേദിയിൽ മിഥുൻ രമേശ് അവതാരകനായെത്തും. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായി ‘മധുമയമായ് പാടാം’ എന്ന പ്രത്യേക പരിപാടിയും ഹാർമോണിയസ് കേരളയിൽ അരങ്ങേറും. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ വിസ്മയകരമായ ഷോയും ഗായകരായ നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ , ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവരുടെ പാട്ടും ചേരുമ്പോൾ സലാല കളറാവും.

ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്‌ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.

Tags:    
News Summary - Harmonious Kerala season six Roadshow in Salalah today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.