തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഒമാനിൽ കഴിഞ്ഞവർഷം 31,000ത്തിലധികം പ്രവാസി തൊഴിലാളികൾ പിടിയിലായതായി തൊഴിൽ മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനും വിവിധ മേഖലകളിലെ നിയമവിരുദ്ധ തൊഴിൽ രീതികൾ നിയന്ത്രിക്കുന്നതിനുമായി പരിശോധന ശക്തമാക്കിയതോടെയാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലിടങ്ങളിൽ കഴിഞ്ഞ വർഷം 15,000ത്തോളം പരിശോധന നടത്തി. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ തടയാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലുടമകളും തൊഴിലാളികളും നിയമപരമായ ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത്തരം പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) നടപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതിയും മന്ത്രാലയം ചൂണ്ടിക്കാട്ടി. 1.41 ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 91,000ത്തിലധികം സ്ഥാപനങ്ങൾ ഇത് പിന്തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വലിയ സ്ഥാപനങ്ങളിൽ 99.8 ശതമാനവും ഡബ്ലിയു.പി.എസ് നടപ്പാക്കിയതായും മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും പദ്ധതികളും വിശദീകരിച്ച വാർത്താസമ്മേളനത്തിൽ, സ്വദേശികളെ കൂടുതൽ മേഖലയിൽ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതായും സൂചന നൽകി. 2028-29 കാലയളവിൽ സ്വകാര്യ മേഖലയിൽ സുപ്പർവൈസർ, സാങ്കേതിക, വിദഗ്ധ പദവികളിലേക്ക് സ്വദേശി പൗരന്മാരെ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.
2026-2030 കാലയളവിലെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ തൊഴിൽ വിപണിയുടെ 17 തന്ത്രപ്രധാന പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 12 എണ്ണം തൊഴിൽ വിപണിയെയും തൊഴിലവസരങ്ങളെയും കേന്ദ്രീകരിച്ചുള്ളവയാണ്. മനുഷ്യവിഭവശേഷി മാനേജ്മെന്റിനുള്ള ‘ഇജാദ’ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ 48ത്തിലധികം സർക്കാർ സ്ഥാപനങ്ങൾ പങ്കാളികളായി. ഇതിലൂടെ 80,000ത്തിലധികം ജീവനക്കാർക്ക് പ്രയോജനം ലഭിച്ചു.
2025ൽ 36,413 തൊഴിൽ അവസരങ്ങളും തൊഴിൽബന്ധിത പരിശീലന, പുനഃസ്ഥാപന പദ്ധതികളിലൂടെ 15,069 അവസരങ്ങളും സൃഷ്ടിച്ചു. 2026ൽ മൊത്തം 60,000 തൊഴിൽ അവസരങ്ങൾ ഒരുക്കും. ഡിജിറ്റൽ പരിവർത്തനം നടപടികളുടെ കാര്യക്ഷമത വർധിപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 2025ൽ വിവിധ മേഖലകളിലായി 18 സമിതികൾ വഴി 13,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. സാങ്കേതികവും നേതൃത്വപരവുമായ സ്ഥാനങ്ങളിൽ 4,000-ത്തിലധികം വിദേശികളെ മാറ്റിസ്ഥാപിച്ചു. 2026ൽ സ്വകാര്യ മേഖലയിലായി സൃഷ്ടിക്കേണ്ട 50,000 തൊഴിൽ അവസരങ്ങൾ എണ്ണ-വാതക, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളിലായി വിഭജിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.