മസ്കത്ത്: സ്കൂൾ വേനൽ അവധിയും ബലി പെരുന്നാളും ഒരുമിച്ച് വന്നതോടെ ആകാശ കൊള്ളയുമായി മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന കമ്പനികൾ. വേനൽ അവധി അടുത്തതോടെ ബജറ്റ് വിമാന കമ്പനികൾ അടക്കം എല്ലാം ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്. സ്കൂൾ അവധിയുടെ തിരക്കുകൾ ആരംഭിക്കുന്നത് ജൂൺ മുതലാണ്. അതിനാൽ പല വിമാന കമ്പനികളും മേയ് അവസാനം മുതൽതന്നെ നിരക്കുകൾ ഉയർത്തിക്കഴിഞ്ഞു.
ബലി പെരുന്നാൾ പ്രമാണിച്ച് അടുത്ത മാസം അഞ്ച്, ആറ് തീയതികളിൽ കൊല്ലുന്ന നിരക്കുകളാണ് പല വിമാന കമ്പനികളും ഈടാക്കുന്നത്. ഇതോടെ അത്യാവശ്യത്തിന് നാട്ടിൽ പോവേണ്ട സാധാരണക്കാർ കുടുങ്ങിയിരിക്കുകയാണ്. അതോടൊപ്പം സ്കൂൾ അവധിക്ക് ഒമാനിൽ മടക്ക ടിക്കറ്റെടുക്കാതെ വന്നവരും ബുദ്ധിമുട്ടിലാണ്.
മേയ് 20 മുതൽതന്നെ വിമാന കമ്പനികൾ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ബജറ്റ് എയർലൈൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിമാന കമ്പനികളും അവധിക്കാല നിരക്കിന്റെ കാര്യത്തിൽ പിന്നിലല്ല.
എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം 20 ന് കോഴിക്കോടേക്ക് 70 റിയലാണ് വൺവേക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും വലിയ വ്യത്യസമില്ലാത്ത നിരക്കുകൾ തന്നെയാണുള്ളത്. എന്നാൽ അടുത്ത മാസം ഒന്നിന് ഈ മൂന്ന് സെക്ടറിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്കുകൾ വൺവേക്ക് 116 റിയാലായി ഉയരുന്നുണ്ട്.
തിരുവന്തപുരത്തേക്ക് ഈ മാസം 29 മുതൽ തന്നെ നിരക്കുകൾ വൺവേക്ക് 100 റിയാലിന് മുകളിലാണ്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള നിരക്കുകൾ ഈ മാസം 20 മുതൽ വൺവേക്ക് 114 റിയാലാണ്.
25 ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 127 റിയാലാണ് ഇടാക്കുന്നത്. ബലിപെരുന്നാൾ പ്രമാണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള എല്ലാ സെക്ടറിലേക്കും നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. അടുത്ത മാസം ആറിന് കോഴിക്കോട്ടേക്ക് 161 റിയാലും കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 136 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
കൊച്ചിയിലേക്കുളള വൺവേ നിരക്കുകൾ 210 റിയാലായി ഉയരും. പെരുന്നാൾ അവധിക്കുശേഷവും നിരക്കുകൾക്ക് കുറവൊന്നുമില്ല. ഒമാൻ എയർ ഈ മാസം 23 മുതൽ തന്നെ കോഴിക്കോട്ടേക്കുള്ള വൺവേ നിരക്കുകൾ 234 റിയാലാക്കിയിട്ടുണ്ട്.
ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഈ മാസം 27 മുതൽ നിരക്കുകൾ കോഴിക്കോട്ടേക്ക് വൺവേക്ക് 103 റിയാലാണ് ഈടാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും സമാന നിരക്കുകൾ തന്നെയാണ്. കഴിഞ്ഞ ദിവസം സർവിസ് ആരംഭിച്ച ഇൻഡിഗോയുടെ കണ്ണൂർ സർവിസിൽ താരതമ്യോന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. നിലവിൽ ജൂണിൽ വൺവേക്ക് 100 റിയാലിൽ താഴെയാണ് നിരക്കുകൾ. ഇത് എപ്പോൾ ഉയരുമെന്ന് പറയാൻ കഴിയില്ല.
വിമാന കമ്പനികളുടെ കൊള്ള നിരക്കിനെതിരെയുള്ള പ്രവസികളുടെ പ്രതിഷേധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിറ്റാണ്ടുകൾക്കുമുമ്പ് തന്നെ ഉന്നതതലങ്ങളിൽ വരെ പ്രതിഷേധങ്ങൾ എത്തിക്കുകയും പാർലമെന്റ് വരെ ചർച്ചയായിട്ടും അവധിക്കാല കൊള്ളക്ക് കുറവൊന്നുമില്ല.
ഇപ്പോൾ വിമാന കമ്പനികൾ സർക്കാറിന്റെ നിയന്ത്രണത്തിൽ അല്ലെന്നും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിയന്ത്രിക്കാൻ കഴിയില്ലെന്നുമുള്ള ന്യായമാണ് അധികൃതർ പറയുന്നത്. ഏതായാലും ജൂൺ, ജൂലൈ മാസത്തിലെ ഉയർന്ന നിരക്കുകൾ അത്യാവശ്യ കാര്യത്തിന് നാട്ടിൽ പോവുന്ന പ്രവാസികളെയാണ് ദുരിതത്തിലാക്കുന്നത്.
ഒമാൻ സർക്കാർ വിസിറ്റ് വിസയിലും മറ്റും ഒമാനിൽ അനധികൃതമായി തങ്ങുന്നവർക്ക് പിഴ ഇളവ് ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ ഇത്തരം ഇളവുകൾ ലഭിക്കേണ്ടവർ മടക്കയാത്രയുടെ ടിക്കറ്റ് കോപി ഹാജരാക്കണം. ഉയർന്ന വിമാന നിരക്കുകൾ ഇത്തരക്കാർക്കും വലിയ തിരിച്ചടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.