നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ നഗരത്തിലെ പ്രധാന ദേവാലയങ്കണം വ്യക്തമായി കാണാം. ബോഗൺ വില്ലകൾ അതിരിട്ട കാർ പാർക്കിങ്ങിലെ മുഴുവൻ വാഹനങ്ങളും പുറത്തേക്ക് മാറ്റിയിരിക്കുന്നു. ചികിത്സയിൽ കഴിയുന്ന ഉമ്മ 303 നമ്പർ മുറിയിൽ ഉച്ചമയക്കത്തിലാണ്. മധ്യാഹ്ന സൂര്യന്റെ സ്വർണ ചിറകുകൾ പതിച്ചപ്പോൾ ബോഗൺ വില്ലകൾ റോസും ചുവപ്പും കലർന്ന ഹൃദയം തുറന്നുകാട്ടി ചിരിച്ചു. വ്രതമാസകാലമായതിനാൽ വ്രതം അവസാനിപ്പിക്കാനായി ആളുകൾ ദേവാലയത്തിലേക്ക് ചെറിയ കൂട്ടങ്ങളായി ഒഴുകിക്കൊണ്ടിരുന്നു. സ്വദേശികളും വിദേശികളും അവർക്ക് ഇരിക്കാനായി നിലത്ത് പായകൾ വിരിക്കുന്ന തിരക്കിലാണ്. ഉമ്മയെ തൊട്ടുണർത്തി ഞാനും ആ കൂട്ടത്തിലേക്ക് ഇറങ്ങി നടന്നു.
ആളുകൾ നാനാതരം ഭാഷകളിൽ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാലും മുഖഭാവങ്ങളിൽ നിന്നും കാര്യങ്ങൾ മനസ്സിലാവും. 30 വർഷം കൊണ്ട് പ്രവാസത്തിന്റെ ഭാഷകൾ ഐക്യപ്പെട്ടിരിക്കുന്നു. വൃത്താകൃതിയിൽ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന ചെറിയ കൂട്ടങ്ങളിലേക്ക് ഭക്ഷണത്തളികകൾ എത്തിത്തുടങ്ങി. സംസാരങ്ങളെ നിശ്ശബ്ദമാക്കികൊണ്ട് പ്രാർഥനക്കുള്ള ആഹ്വാനം മുഴങ്ങിയപ്പോൾ നാലു ഭാഗത്തുനിന്നും കൈകൾ ഭക്ഷണത്തളികകളിലേക്ക് നീണ്ടു. ദൈവത്തെ സ്തുതിച്ചുകൊണ്ട് ഞാനും കൂടെ ചേർന്നു. ഈത്തപ്പഴവും വെള്ളവും പിന്നെ വ്രതമാസക്കാലത്ത് മാത്രം കിട്ടുന്ന പ്രത്യേക ചിക്കൻ മജ്ബൂസും. തിരക്കുകൂട്ടിക്കൊണ്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആളുകൾ വിശക്കുന്നവന്റെ വേദനകളും നൊമ്പരങ്ങളും തിരിച്ചറിയുന്നുണ്ടാവണം. ദേശ ഭാഷ വൈവിധ്യങ്ങളെ മാറ്റിവെച്ച് ഒരു തളികയിൽ നിന്ന് ഒരേസമയം ഭക്ഷണം കഴിക്കുന്നത് പ്രവാസിക്ക് മാത്രം സ്വന്തമാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞവർ അംഗസ്നാനം വരുത്തുന്നിടത്തേക്ക് നീങ്ങി.
പ്രാർഥനക്കായി ആളുകൾ അണിനിരന്നപ്പോൾ മജ്ബൂസിന്റെയും വിയർപ്പിന്റെയും സമ്മിശ്രഗന്ധം നിറഞ്ഞുനിന്നു. ഇത് തന്നെയായിരിക്കണം പ്രവാസത്തിന്റെ ഗന്ധവും.സ്രഷ്ടാവിനുള്ള സമ്പൂർണ സമർപ്പണമായി ശിരസ്സ് തപിക്കുന്ന മണ്ണിൽ ചേർത്ത് വെച്ചപ്പോൾ അവരെന്തായിരിക്കും പ്രാർഥിച്ചിട്ടുണ്ടാവുക!
പ്രാർഥനക്കുശേഷം ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്താൻ ആളുകൾ വന്നതിനെക്കാൾ തിരക്കിൽ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. തിരക്കാണ് പ്രവാസിയുടെ അടയാളം. അതില്ലെങ്കിൽ പ്രവാസിയില്ല. നീണ്ട പ്രാർത്ഥനക്കായി ആകാശത്തേക്ക് കൈകൾ നീട്ടി നിൽക്കുന്ന ദേവാലയ ഗോപുരങ്ങളിൽ നിന്നുള്ള വെളിച്ചം പുറത്തേക്ക് പ്രവഹിക്കുന്ന ആളുകളുടെ നെറ്റിത്തടങ്ങളിൽ പതിച്ച് തിളങ്ങുന്നു. സൽക്കർമങ്ങളോടെ വ്രതമനുഷ്ഠിക്കുന്നവർക്കുള്ള സമ്മാനം സ്വർഗമാണെന്നുള്ള ദൈവിക കീർത്തനങ്ങൾ ദേവാലയത്തിൽ നിന്ന് ഒഴുകിവരുന്നത് കേട്ടപ്പോൾ പ്രവാസിയാണ് അതിന് ഏറ്റവും അനുയോജ്യരായ അവകാശികൾ എന്ന് തോന്നി. ധിറുതിവെച്ച് ഞാനും റൂമിലേക്ക് തിരിച്ച് നടന്നു. ഭക്ഷണം കഴിക്കാതെ ഉമ്മ എന്നെ കാത്തിരിക്കുന്നുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.