വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിൽ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെ വിവിധ വിലായത്തുകളിൽ പരമ്പരാഗത രീതിയിൽ ജനങ്ങൾ സ്വീകരിക്കുന്നു
സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുജന സന്ദർശന പരിപാടിക്കിടെ
മസ്‌കത്ത്: ഒമാന്റെ സമഗ്ര വികസന പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനുമായി സുൽത്താൻ ഹൈതം ബിൻ താരീഖ് വിവിധ ഗവർണറേറ്റുകളിൽ സന്ദർശനം നടത്തി. ഭരണാധികാരിയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ‘ഒമാൻ വിഷൻ 2040’ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായിരുന്നു ഈ സുപ്രധാന സന്ദർശനം.
വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് സുൽത്താൻ സന്ദർശനം നടത്തിയത്. ഇബ്ര, അൽ ഖാബിൽ, ബിദിയ, സൂർ തുടങ്ങിയ സ്ഥലങ്ങളിൽ സുൽത്താനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം തന്നെ ഒത്തുചേർന്നു.പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിച്ചും പ്രാർത്ഥനകൾ ചൊല്ലിയുമാണ് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയെ സ്വീകരിച്ചത്. മസ്‌കത്തിലെ അൽ ബറക കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട സുൽത്താന്റെ വാഹനവ്യൂഹം ഇബ്ര, അൽ ഖാബിൽ, ബിദിയ എന്നീ വിലായത്തുകൾ കടന്നാണ് സൂറിലെത്തിയത്. അവിടെ നിന്ന് മസ്‌കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലേക്ക് യാത്ര തുടർന്നു. ഈ വിലായത്തുകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സർക്കാർ നടപ്പിലാക്കിയതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതുമായ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി സുൽത്താൻ നേരിട്ട് വിലയിരുത്തി.
ഭരണകാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നതിന്റെ ഭാഗമായി ഗവർണറേറ്റുകളിലെ ശൈഖുമാരുമായും പ്രമുഖ വ്യക്തികളുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ താൽപര്യങ്ങൾക്കും വികസനത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നേരിട്ടുകേട്ടു. ഗവർണറേറ്റുകളിൽ നടപ്പിലാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പദ്ധതികളുടെ പുരോഗതി സുൽത്താൻ വിലയിരുത്തി. ഓരോ പ്രദേശത്തെയും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി. ബിസിനസ് രംഗത്തെ പ്രമുഖരുമായും ചെറുകിട-ഇടത്തരം സംരംഭകരുമായും അദ്ദേഹം സംവദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതികൾക്ക് അദ്ദേഹം ഊന്നൽ നൽകി. ഓരോ കുടുംബത്തിനും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം സന്ദർശനവേളയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.